സമൃദ്ധിയുടെ സന്ദേശവുമായി പ്രവാസികൾക്ക് വിഷു ആഘോഷം
text_fieldsബംഗളൂരു: നഗരത്തിരക്കുകൾക്കിടയിലും സമൃദ്ധിയുടെ വിഷു ആഘോഷവുമായി പ്രവാസി മലയാളികളും. പലരും കുടുംബസമേതം നാട്ടിലേക്ക് തിരിച്ചിരുന്നു.
കർണാടക, കേരള ആർ.ടി.സികൾ വിഷുത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സർവിസുകളും ഏർപ്പെടുത്തി. നഗരത്തിൽ പലയിടത്തും സംഘടനകളുടെ നേതൃത്വത്തിൽ വിഷുക്കണിക്കായി കൊന്നപ്പൂ വിതരണം നടന്നു. കേരള സമാജം മൈസൂരുവിന്റെ നേതൃത്വത്തിൽ വിജയനഗറിലെ സമാജം കമ്യൂണിറ്റി ഹാളിലായിരുന്നു കണിക്കൊന്ന വിതരണം.
വൈകീട്ട് നടന്ന വിതരണത്തിന് ഭാരവാഹികൾ നേതൃത്വം നൽകി. കെ.എൻ.എസ്.എസ് എം.എസ് നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗം ഓഫിസിൽ വെള്ളിയാഴ്ച വൈകീട്ട് കൊന്നപ്പൂ വിതരണം ചെയ്തു. പ്രസിഡന്റ് കെ.സി.എസ് പിള്ള, സെക്രട്ടറി പങ്കജാക്ഷൻ നായർ, വൈസ് പ്രസിഡന്റ് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി. ജാലഹള്ളി, ആനേപ്പാളയം, ജെ.സി നഗർ, എച്ച്.എ.എൽ, കെംപാപുര എന്നിവിടങ്ങളിലെ അയ്യപ്പക്ഷേത്രങ്ങളിൽ വിഷുക്കണിയൊരുക്കി. ജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ വിഷുദിനത്തിൽ പുലർച്ച അഞ്ചിന് വിഷുക്കണി ദർശനത്തിന് സൗകര്യമൊരുക്കും. രാവിലെ 6.30 മുതൽ ക്ഷേത്രം ഗുരുസ്വാമി ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ആനേപ്പാളയം അയ്യപ്പക്ഷേത്രത്തിൽ വിഷുദിനത്തിൽ പുലർച്ച 5.30 മുതൽ കണിയൊരുക്കും.
ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ പുലർച്ച നാലു മുതൽ ഏഴുവരെ വിഷുക്കണി ദർശനമുണ്ടാകും. എച്ച്.എ.എൽ അയ്യപ്പക്ഷേത്രത്തിൽ പുലർച്ച 4.30 മുതൽ വിഷുക്കണി ദർശനമൊരുക്കും. വിഷുക്കൈനീട്ട വിതരണവുമുണ്ടാകും. ഉച്ചക്ക് അന്നദാനം നടക്കും. ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിൽ പുലർച്ച അഞ്ചിന് വിഷുക്കണി ദർശനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.