കർഷകരുടെ പരിപ്പെടുത്ത് വിളനാശം: കൈപൊള്ളിക്കും പച്ചക്കറി വില
text_fieldsബംഗളൂരു: പരിപ്പ് കൃഷിക്ക് പേരുകേട്ട കർണാടക കലബുറുഗിയിൽ കർഷകർ അതിമഴയുടെ കെടുതിയിൽ. ആറു ലക്ഷം ഹെക്ടറിൽ രണ്ടു ലക്ഷം കൃഷിഭൂമിയിൽ വിള നശിച്ചു. സംസ്ഥാനത്ത് പരിപ്പ് ആവശ്യത്തിന്റെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന കലബുറുഗിയിലെ 35 ശതമാനം കൃഷിയാണ് നശിച്ചത്.
പൂവിടും നേരം കാലം തെറ്റിയാണ് മഴയെത്തിയതെന്ന് കർഷകർ പറയുന്നു. ഇത് ഉൽപാദനത്തെ ബാധിച്ചു. തെളിഞ്ഞ അന്തരീക്ഷത്തിൽ ഇളം വെയിൽ ലഭിക്കാറുള്ള നവംബറായിരുന്നു വിളവിന് ഏറ്റവും അനുകൂലം. എന്നാൽ, ഇത്തവണ കഴിഞ്ഞ മാസം തോരാമഴയായിരുന്നു. വിളവെടുക്കാറായ കായകൾ ചീയാനും കീടബാധക്കും കാരണമായി. 40 ശതമാനം വിളവ് ഇങ്ങനെ നഷ്ടമായെന്ന് കലബുറുഗിയിൽ പത്തേക്കറിൽ കൃഷിയുള്ള ബസവ ഗൗഡ പറഞ്ഞു.
പ്രത്യേക സഹായ പാക്കേജ് ഏർപ്പെടുത്തണം എന്നാണ് കർഷകരുടെ ആവശ്യം. വിളനാശം തിട്ടപ്പെടുത്താൻ സർവേ സംഘടിപ്പിക്കുമെന്ന് കലബുറുഗി ജില്ല ഡെപ്യൂട്ടി കമീഷണർ ബി. ഫൗസിയ താരാനും പറഞ്ഞു. പരിപ്പ് വിളനാശം വരുംമാസങ്ങളിൽ രാജ്യത്തെത്തന്നെ പരിപ്പ് വിപണിയിൽ വിലക്കയറ്റം സൃഷ്ടിച്ചേക്കുമെന്നാണ് ധാന്യ വ്യാപാരികൾ നൽകുന്ന സൂചന.
അതിമഴയും ഫെംഗൽ ചുഴലിക്കാറ്റും മൂലമുണ്ടായ വിളനാശം കാരണം പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യവുമുണ്ട്. കോലാർ, രാംനഗർ, ചിക്കബെല്ലാപുർ, ബംഗളൂരു റൂറൽ ജില്ലകളിലാണ് നവംബറിലെ അകാല മഴയിൽ കൃഷിനാശമുണ്ടായത്. ഇതേത്തുടർന്ന് വിപണിയിൽ ആവശ്യാനുസരണം പച്ചക്കറി എത്താത്തതാണ് വില കൂടാൻ കാരണമെന്ന് പറയുന്നു. ചില്ലറ വിൽപനയിൽ ഒരു കിലോ വെളുത്തുള്ളി: 500-550 രൂപക്കും എ.പി.എം.സി മാർക്കറ്റിൽ 400-450 നിരക്കിലുമാണ് വിൽക്കുന്നത്. ഹോപ്കോംസിൽ വെളുത്തുള്ളി കിലോ 530 രൂപയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

