വേഗ ക്രമീകരണം വന്ദേഭാരത് ട്രെയിൻ എത്തി
text_fieldsമംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷൻ ആഗസ്റ്റ് 11 മുതൽ 20 വരെ ബംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം നടത്തും. ഈ റൂട്ടിൽ പരീക്ഷണ ഓട്ടം കഴിഞ്ഞ ജൂൺ മൂന്നിന് നിശ്ചയിച്ചിരുന്നെങ്കിലും പൊടുന്നനെ റദ്ദാക്കുകയായിരുന്നു. റെയിൽ പാത മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സകലേശ് പുര-സുബ്രഹ്മണ്യ റോഡ് മേഖലയിൽ വേഗ ക്രമീകരണം ആവശ്യമായതാണ് പരീക്ഷണ ഓട്ടം വൈകാൻ കാരണമായതെന്ന് സൗത്ത് വെസ്റ്റ് റെയിൽവേ മൈസൂരു ഡിവിഷനൽ മാനജർ മുദിത് മിത്തൽ പറഞ്ഞു.
കുത്തനെ ചരിവുള്ള ഈ പാതയിൽ ബാങ്കർ ലോക്കോമോട്ടീവുകൾ ആവശ്യമാണ്. വേഗ നിയന്ത്രണത്തിനും സുരക്ഷക്കുമായി മെച്ചപ്പെട്ട ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സാങ്കേതികവിദ്യ ഘടിപ്പിച്ച 20 കോച്ചുകളുള്ള വന്ദേ ഭാരത് റേക്ക് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിന്ന് എത്തിച്ചിട്ടുണ്ടെന്ന് ഡിആർഎം പറഞ്ഞു. ഇത് നിലവിൽ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിൽ നിർത്തിയിട്ടിരിക്കയാണ്.
റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനിലെ (ആർഡിഎസ്ഒ) മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ആഗസ്റ്റ് 11 മുതൽ 20 വരെ സകലേശ്പുര ചുരം സെക്ഷനിൽ പരീക്ഷണ ഓട്ടങ്ങൾക്ക് മേൽനോട്ടം വഹിക്കും.പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ, ബംഗളൂരു-മംഗളൂരു റൂട്ടിൽ അതിവേഗ ട്രെയിനിന്റെ പതിവ് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് റെയിൽവേ ബോർഡ് അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

