ഭീകര സംഘടനയുമായി ബന്ധമെന്ന് സംശയം; യു.പി സ്വദേശി അറസ്റ്റിൽ
text_fieldsബംഗളൂരു: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സുഹൈലാണ് (20) അറസ്റ്റിലായത്. ദാവന്‍ഗരെയില്‍ നിന്ന് ബുധനാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിഹർ താലൂക്കിൽ പെയിന്ററായി ജോലി ചെയ്തു വരികയായിരുന്നു. 15 ദിവസം മുമ്പാണ് സുഹൈൽ ജോലിയില്‍ പ്രവേശിച്ചത്. ദേശീയ അന്വേഷണ ഏജൻസിയുടെ നിര്‍ദേശപ്രകാരം ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ചേർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ വാട്ട്സാപ് പരിശോധിച്ചപ്പോൾ നിന്നും തീവ്രവാദ ബന്ധത്തിന്റെ തെളിവുകൾ കണ്ടെത്തിയതായും പാകിസ്ഥാനിൽ നിന്നുള്ള നിരവധി പേരുമായി ഇയാൾ ബന്ധപ്പെട്ടത് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ദാവൻഗരെ പൊലീസ് സൂപ്രണ്ട് ശേഖർ എച്ച്. ടെക്കണ്ണവർ പറഞ്ഞു.
തുമകുരു ജില്ലയിൽ നേരത്തെ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ഇതിന് ബന്ധമുണ്ടെന്ന് സൂചനകളുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള വ്യക്തിയുമായി സാമൂഹിക മാധ്യമം വഴി ബന്ധം പുലർത്തുകയും ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തതിന് ജൂൺ നാലിന് തുമകുരു, ദാവൻഗരെ ജില്ലകളിൽ നിന്ന് അല്ലാഭകാഷ്, ദാവണഗരെ നഗരത്തിലെ സമീർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഭീകര സംഘടനകളിലെ വ്യക്തികളുമായി സുഹൈല്‍ പരിചയപ്പെട്ടത്. 10 ഓളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് പ്രതി ഇവിടെ വന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊബൈൽ ഫോൺ പരിശോധിച്ചാൽ മാത്രമേ കേസുകളിലെ മറ്റ് പ്രതികളുമായി അയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. സുഹൈലിന് ചില പാകിസ്ഥാൻകാരുമായുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്നും കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

