പാക് സ്വദേശികൾക്ക് താമസം ഒരുക്കിയ യു.പി സ്വദേശി അറസ്റ്റിൽ
text_fieldsബംഗളൂരു: പാക് സ്വദേശികള്‍ക്ക് വ്യാജ വിലാസത്തില്‍ ബംഗളൂരുവില്‍ താമസിക്കാൻ ഒത്താശ ചെയ്ത ഉത്തർപ്രദേശ് സ്വദേശിയായ 55കാരനെ മുംബൈയില്‍ നിന്ന് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലും ബംഗളൂരുവിലുമാണ് ഇയാള്‍ പാക് കുടുംബങ്ങള്‍ക്ക് വ്യാജപേരുകളില്‍ സ്ഥിര താമസത്തിനുള്ള സഹായങ്ങള്‍ നല്‍കിയത്. കഴിഞ്ഞ മാസം 29ന് ബംഗളൂരുവില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന പാകിസ്താൻ സ്വദേശികള്‍ പിടിയിലായിരുന്നു.
ചെന്നൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷൻ ചെക്കിങ്ങില്‍ പിടിയിലായ രണ്ടുപേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് റാഷിദ് അലി സിദ്ദിഖി (48), ഭാര്യ ആയിഷ(38), ആയിഷയുടെ മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവർ കർണാടകയിലെ രാജപുരയിൽ വ്യാജ പേരുകളിൽ കഴിഞ്ഞിരുന്ന വിവരം അറിയുന്നത്.

