വൈദ്യുതി മേഖല ശക്തിപ്പെടുത്താൻ കേന്ദ്ര പിന്തുണ നൽകുമെന്ന് കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടർ
text_fieldsശനിയാഴ്ച ബംഗളൂരുവിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടർ സംസാരിക്കുന്നു. കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് സമീപം
ബംഗളൂരു: കർണാടകയുടെ വൈദ്യുതി മേഖല ശക്തിപ്പെടുത്തുന്നതിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ ഉറപ്പുനൽകി. ശനിയാഴ്ച ബംഗളൂരുവിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വൈദ്യുതി പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്, കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, ആർ.ഇ.സി ലിമിറ്റഡിന്റെ പ്രതിനിധികൾ ഉൾപ്പെടെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സെഷനിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവയുടെ നിലവിലെ സ്ഥിതി എടുത്തുകാണിക്കുന്ന സമഗ്ര അവതരണം കർണാടക സർക്കാർ നടത്തി. കർണാടകയുടെ ഊർജ മേഖലയിലേക്ക് പുനരുപയോഗ ഊർജത്തിന്റെ വർധിച്ചുവരുന്ന സംഭാവനയെ അഭിനന്ദിച്ച മന്ത്രി മനോഹർ ലാൽ ഖട്ടർ സംസ്ഥാനത്തിന്റെ വൈദ്യുതി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സംരംഭങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം അടിസ്ഥാന തലത്തിലുള്ള പ്രശ്നങ്ങളെ നന്നായി മനസ്സിലാക്കുക എന്നതാണ് തന്റെ സന്ദർശന ലക്ഷ്യമെന്ന് പറഞ്ഞു. വൈദ്യുതി സ്ഥാപനങ്ങളിലെ വാർഷിക സാമ്പത്തിക നഷ്ടം കുറക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും ചെലവ് പ്രതിഫലിപ്പിക്കുന്ന താരിഫുകൾ നടപ്പിലാക്കുന്നതിലേക്ക് നീങ്ങാനും കേന്ദ്രമന്ത്രി സംസ്ഥാന സർക്കാറിനെ ഉപദേശിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട കുടിശ്ശികകളും സബ്സിഡികളും തീർക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
അടുത്ത ആഗസ്റ്റോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റെസിഡൻഷ്യൽ കോളനികളും ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാറിന്റെ വൈദ്യുതി കുടിശ്ശിക കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രീകൃത പേയ്മെന്റ് സംവിധാനം വേണമെന്ന് നിർദേശിച്ചു. വാണിജ്യ, വ്യാവസായിക, മറ്റു ഉപഭോക്തൃ വിഭാഗങ്ങൾക്കായി സമയബന്ധിതമായി സ്മാർട്ട് മീറ്ററിങ് വേഗത്തിലാക്കാനും സംസ്ഥാനം സന്നദ്ധമാവണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

