മംഗളൂരുവിൽ 1200 കോടി ചെലവിൽ ഭൂഗർഭ അഴുക്കുചാൽ പദ്ധതി
text_fieldsഡി.സി ഫോൺ-ഇൻ പരിപാടിയിൽ
മംഗളൂരു: സിറ്റി കോർപറേഷൻ പരിധിയിലെ മലിനജല സംവിധാനം കാര്യക്ഷമമാക്കുന്നതിനായി 1200 കോടി രൂപ ചെലവിൽ പുതിയ ഭൂഗർഭ അഴുക്കുചാൽ (യു.ജി.ഡി) പദ്ധതി തയാറാക്കി വരുകയാണെന്ന് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ പറഞ്ഞു. മംഗളൂരു കോർപറേഷൻ മേയറുടെ ചേംബറിൽ സംഘടിപ്പിച്ച ഫോൺ-ഇൻ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ പൊതുജനങ്ങളിൽനിന്ന് ധാരാളം പരാതികൾ ലഭിച്ചു, അവയിൽ ഭൂരിഭാഗവും മലിനജല പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. അപ്പാർട്ടുമെന്റുകളിൽനിന്നും വീടുകളിൽനിന്നുമുള്ള മലിനജലം മഴവെള്ളം ഒഴുകുന്ന ഓടകളിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്നും പ്രധാന ഓടകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നുവെന്നും നിരവധി പേർ പരാതിപ്പെട്ടു.
അപ്പാർട്ടുമെന്റുകളുടെ നിർമാണ സമയത്ത് പ്രത്യേക മലിനജല സംസ്കരണ പ്ലാന്റുകൾ (എസ്.ടി.പി) പ്രവർത്തിപ്പിക്കണമെന്ന് നിയമങ്ങൾ അനുശാസിക്കുമ്പോൾ പഴയ അപ്പാർട്ടുമെന്റുകളിൽ അത്തരം സംവിധാനങ്ങളില്ല. പല പുതിയ അപ്പാർട്ടുമെന്റുകളിലും എസ്.ടി.പികൾ ശരിയായി പ്രവർത്തിക്കുന്നില്ല.
അടുത്ത ആറ് വർഷത്തേക്ക് നഗരത്തിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് സമഗ്ര ഭൂഗർഭ അഴുക്കുചാൽ പദ്ധതി തയാറാക്കുന്നത്. മലിനജല സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവുമായി ഇതിനകം കൂടിക്കാഴ്ചകളും നഗരവികസന വകുപ്പ് സെക്രട്ടറിയുമായി ചർച്ചകളും നടത്തിയിട്ടുണ്ടെന്ന് ഡി.സി പറഞ്ഞു. വരാനിരിക്കുന്ന ബജറ്റിൽ പദ്ധതി അവതരിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

