അധോലോക കുറ്റവാളി നോട്ട് കെട്ടുകളുമായി അറസ്റ്റിൽ
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിലെ ബിസിനസുകാരെയും പ്രമുഖ വ്യക്തികളെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ അധോലോക കുറ്റവാളിയായ ഹേമന്ത് പൂജാരിയുമായി സഹകരിച്ച് പ്രവർത്തിച്ച കേസിൽ എർമലു ബഡ ഗ്രാമത്തിലെ ബത്രത്തോട്ട ഹൗസിൽ താമസിക്കുന്ന സുരേഷ് അമിനെ (38) അറസ്റ്റ് ചെയ്തു. അഞ്ച് പഡുബിദ്രി പൊലീസ് സ്റ്റേഷനിലും ഷിർവ, കൗപ്, മണിപ്പാൽ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകളുമാണുള്ളത്.
സുരേഷ് അമിൻ മൊബൈൽ ഫോൺ നമ്പറുകളും കേസുകളിൽ ലക്ഷ്യമിട്ട ബിസിനസുകാരെയും പ്രമുഖ വ്യക്തികളെയും കുറിച്ചുള്ള മറ്റ് വിവരങ്ങളും ഹേമന്ത് പൂജാരിക്ക് നൽകിയതായി പൊലീസ് കണ്ടെത്തി. ഒരു കേസിൽ ആവശ്യപ്പെട്ട തുക നൽകാൻ വിസമ്മതിക്കുകയും ഫോൺ കോളുകൾക്ക് മറുപടി നൽകാതിരിക്കുയും ചെയ്തതിനെത്തുടർന്ന് അമിനും പൂജാരിയും ഒരു ബിസിനസുകാരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി സാങ്കേതിക തെളിവുകൾ വെളിപ്പെടുത്തി.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഹേമന്ത് പൂജാരി സുരേഷ് അമിന്‍ അഞ്ച് ലക്ഷം രൂപ കൈമാറിയതായി പൊലീസ് പറഞ്ഞു. അമിൻ തുകയുടെ ഒരു ഭാഗം ചെലവഴിച്ച ശേഷം ബാക്കി 4.13 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ ഉഡുപ്പിയിലെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

