ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾക്ക് പൊലീസിന്റെ അപ്രഖ്യാപിത നിയന്ത്രണം
text_fieldsഒക്ടോബർ 16ന് ബംഗളൂരു എം.ജി റോഡിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽനിന്ന്
ബംഗളൂരു: ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന ആളുകളെ ബംഗളൂരു പൊലീസ് അടിച്ചമർത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാകുന്നെന്ന് ആക്ഷേപം.
പൊലീസിന്റെ ഇത്തരം അപ്രഖ്യാപിത നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞദിവസം ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദക്ക് 194 പേർ ഒപ്പിട്ട നിവേദനം കൈമാറി. കർണാടക ആഭ്യന്തര മന്ത്രിക്കും കത്തുനൽകിയിട്ടുണ്ട്. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളുടെ സംഘാടകരെ പൊലീസ് പീഡിപ്പിക്കുക മാത്രമല്ല, വേദി ഉടമകളെ വിളിച്ച് ഫലസ്തീനുമായി ബന്ധപ്പെട്ട പരിപാടികൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസ് അംഗങ്ങൾ കമീഷണറെ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ആക്ടിവിസ്റ്റുകളെയും വിദ്യാർഥികളെയും കലാകാരന്മാരെയും പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 12 സംഭവങ്ങൾ സംബന്ധിച്ച് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, കലക്ടിവ് ബാംഗ്ലൂർ എന്ന വിദ്യാർഥി സംഘടന, ഫലസ്തീനെക്കുറിച്ചുള്ള ഒരു ചലച്ചിത്ര പ്രദർശനവും ചർച്ചയും സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റർ അപ്ലോഡ് ചെയ്തപ്പോഴുണ്ടായ ദുരനുഭവമാണ് ഇതിൽ ഏറ്റവും സമീപകാലത്തേത്ത്. പോസ്റ്ററിൽ അവർ വേദിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല, എന്നിട്ടും പൊലീസ് വിദ്യാർഥികളെ വിളിച്ചുവരുത്തി മർദിക്കുകയും വിലാസം പങ്കിടുകയോ പൊലീസ് സ്റ്റേഷനിൽ വരുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒക്ടോബർ അഞ്ചിന് നടന്ന പ്രതിഷേധ പരിപാടിയിൽ എല്ലാ നിബന്ധനകളും പാലിച്ചിട്ടും ഡെപ്യൂട്ടി പൊലീസ് കമീഷണറും മറ്റ് ഉദ്യോഗസ്ഥരും ഫലസ്തീൻ പതാക കാണിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നു. ഫലസ്തീനുമായി ബന്ധപ്പെട്ട് വീടിനകത്തുനിന്നോ പൊതു ഇടങ്ങളിൽനിന്നോ സോഷ്യൽ മീഡിയയിലോ പോസ്റ്റിട്ടാലും പൊലീസിന്റെ ഭീഷണി നേരിടേണ്ടിവരുന്നു. ഫലസ്തീനുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി അലിഖിത നിയമങ്ങളാണ് ബംഗളൂരു പൊലീസ് നടപ്പാക്കുന്നത്. സ്വകാര്യ ഇടങ്ങളിൽ പോലും പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുമ്പ് അനുവാദം വാങ്ങണമെന്നാണ് പൊലീസിന്റെ ‘റൂൾ’ എന്ന് അവർ കുറ്റപ്പെടുത്തി.കഴിഞ്ഞ ഒരു വർഷമായി ഇസ്രായേൽ സർക്കാറിന്റെ നേതൃത്വത്തിൽ ഗസ്സയിൽ തുടർച്ചയായ ബോംബാക്രമണവും നശീകരണവും നടക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. ഈ നടപടിയിൽ ആശങ്കകുലരായ ലോകമെമ്പാടുമുള്ള പൗരന്മാർ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുവരുന്നുണ്ട്.
2024 ഫെബ്രുവരിയിൽ ലോക്സഭയിൽ പ്രഖ്യാപിച്ച ഫലസ്തീനിനെക്കുറിച്ചുള്ള ഔദ്യോഗിക ഇന്ത്യൻ നിലപാടിന് അനുസൃതമായി, ആക്രമണത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും അവ പ്രചരിപ്പിക്കുന്നതിനുമായി ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസിന്റെ നേതൃത്വത്തിലും വിവിധ പരിപാടികൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം ശ്രമങ്ങൾ ബംഗളൂരു പൊലീസ് പലതവണ അടിച്ചമർത്തുകയായിരുന്നെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം, കത്തിൽ സൂചിപ്പിച്ച സംഭവങ്ങൾ പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ മറുപടി നൽകി. ഫലസ്തീനുമായി ബന്ധപ്പെട്ട പരിപാടികൾ പ്രത്യേകമായി നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നിർദേശങ്ങളുണ്ടോ എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഒന്നും അറിയില്ലെന്ന് കമീഷണർ പ്രതികരിച്ചു. എന്നാൽ, പൊതുചർച്ചകൾ, കലാപ്രദർശനങ്ങൾ, സിനിമ പ്രദർശനങ്ങൾ, വായനവൃത്തങ്ങൾ എന്നിവ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി വേദികളിൽ വിളിച്ച പൊലീസ് ഇൻസ്പെക്ടർമാർ, പൊലീസിന്റെ അനുമതിക്കുശേഷം മാത്രമേ ഇത്തരം പരിപാടികൾ നടത്താവൂ എന്ന് ഉന്നത അധികാരികളിൽനിന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്.
ജനങ്ങളുടെ സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനങ്ങളെ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ വളരെ നിസ്സാരമായി കാണുന്നതിൽ തങ്ങൾക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസ് പറഞ്ഞു.
രേഖാമൂലമുള്ള ഉത്തരവുകളോ നിർദേശങ്ങളോ സർക്കുലറുകളോ കാണിക്കാതെ, പൊലീസ് ഇൻസ്പെക്ടർമാരും കോൺസ്റ്റബിളും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ‘ഉന്നത അധികാരികളുടെ നിർദേശങ്ങളുടെ’ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്നു. എന്നാൽ, അത്തരം നിർദേശങ്ങളൊന്നും അറിയില്ലെന്ന് കമീഷണർ പറയുന്നു. ഇസ്രായേലിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ വംശഹത്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ എല്ലാ ശ്രമങ്ങളും നിരീക്ഷിക്കപ്പെടുകയും നിശ്ശബ്ദമാക്കപ്പെടുകയും ഭരണഘടന വിരുദ്ധമായ നിയന്ത്രണങ്ങൾ നേരിടുകയും ചെയ്യുകയാണ്. ഫലസ്തീൻ വംശഹത്യയെക്കുറിച്ച് ബംഗളൂരുവിലെ നിവാസികൾ സംസാരിക്കുന്നതിനെ എന്തിനാണ് പൊലീസ് ഭയപ്പെടുന്നതെന്നും തങ്ങളെ നിശ്ശബ്ദരാക്കുന്നതിലൂടെ പൊലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്നും മറുപടി പറയാൻ സിറ്റി പൊലീസ് കമീഷണർ ബാധ്യസ്ഥനാണെന്ന് ബംഗളുരു ഫോർ ജസ്റ്റിസ് ആൻഡ് പീസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

