ഐഫോണിന്റെ പണം നൽകാനായില്ല; ഡെലിവറി ബോയിയെ കൊന്നു
text_fieldsകൊല്ലപ്പെട്ട ഹേമന്ത് നായിക് പ്രതി ഹേമന്ത് ദത്ത
ബംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന്റെ പണം നൽകാൻ കഴിയാത്തതിനാൽ ഡെലിവറി ബോയിയെ കൊലപ്പെടുത്തി നാലു ദിവസം വീട്ടിൽ സൂക്ഷിച്ച് കത്തിച്ചു. കർണാടക ഹാസനിലെ അരസികരെ ടൗണിലാണ് സംഭവം. ഹേമന്ത് ദത്ത എന്ന 22കാരനാണ് ഡെലിവറി ബോയിയായ ഹേമന്ത് നായികിനെ (23) കൊന്നതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ടയാളും ഇതേ ടൗണിൽ ഉള്ളയാളാണ്. ഹേമന്ത് ദത്ത ഫ്ലിപ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്തിരുന്നു. ഡെലിവറി സമയം വിലയായ 46,000 രൂപ നൽകാമെന്നായിരുന്നു വ്യവസ്ഥ. ഫെബ്രുവരി ഏഴിനാണ് ഫോണുമായി നായിക് എത്തിയത്. ഫോണിന്റെ പെട്ടി തുറക്കണമെന്ന് ദത്ത ആവശ്യപ്പെട്ടെങ്കിലും നായിക് കൂട്ടാക്കിയില്ല. പെട്ടി പൊളിച്ചാൽ സാധനം തിരിച്ചെടുക്കാൻ കഴിയില്ലെന്നും പറഞ്ഞു. പണം നൽകാൻ കഴിയാതിരുന്നതോടെ ദത്ത, നായികിനെ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം വീട്ടിൽതന്നെ സൂക്ഷിച്ചു.
ഫെബ്രുവരി 11ന് മൃതദേഹം രാത്രി ബൈക്കിൽ അടുത്തുള്ള റെയിൽവേ പാലത്തിൽ കൊണ്ടുപോയി ഒഴിഞ്ഞ ഭാഗത്തിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. നായികിനെ കാണാനില്ലെന്ന് സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഫോൺ അവസാനമായി ഉപയോഗിച്ചത് ദത്തയുടെ വീട്ടിൽവെച്ചായിരുന്നുവെന്ന് കണ്ടെത്തി. തുടർന്നാണ് കൊലപാതകവിവരം അറിയുന്നതും പ്രതി പിടിയിലാകുന്നതും.