‘ഉൾക്കഥ’ മൗലിക സർഗാത്മക നിരൂപണത്തിന്‍റെ ഉജ്ജ്വല മാതൃക -ടി.പി. വേണുഗോപാലൻ
text_fieldsബംഗളൂരു: സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലന്‍റെ ‘ഉൾക്കഥ’ സമാനതകൾ ഇല്ലാത്തതും അനുകരണ സാധ്യമല്ലാത്തതുമായ മൗലിക സർഗാത്മക നിരൂപണത്തിന്‍റെ തിളങ്ങുന്ന മാതൃകയാണെന്ന് എഴുത്തുകാരനായ ടി.പി. വേണുഗോപാലൻ പറഞ്ഞു.
കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം പ്രതിമാസ സാഹിത്യ സംവാദ പരിപാടിയുടെ ഭാഗമായി ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഇ.പി. രാജഗോപാലന്‍റെ ‘ഉൾക്കഥ’യെ ആധാരമാക്കി ‘കഥകളുടെ മികവിന്‍റെ പൊരുൾ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുട്ടു പരന്ന മനുഷ്യജീവിതത്തിൽ എത്രമാത്രം വെളിച്ചം പരത്താൻ കഴിയുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് കഥകളുടെ മികവ് വിലയിരുത്തേണ്ടത്. കഥയിലെ ഏതെങ്കിലും പ്രത്യേക സന്ദർഭത്തെ മുൻനിർത്തി കഥാപാത്രങ്ങളിലേക്കും സാമൂഹ്യ പാഠങ്ങളിലേക്കും സാംസ്‌കാരിക വിശകലനത്തിലേക്കും അയത്നലളിതമായി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയാണ് പുസ്തകത്തിൽ ഉള്ളത്.
ലോക സാഹിത്യത്തിലെ പ്രഖ്യാത സന്ദർഭങ്ങൾ മുതൽ സ്വന്തം ജീവിത പരിസരത്തിലെ നാട്ടുശീലങ്ങൾ വരെ കഥകളുമായി കണ്ണിചേർത്ത് കൊണ്ടാണ് നിരൂപണം നടക്കുന്നത്. ഉൾക്കഥയിലെ ഓരോ ലേഖനവും അപൂർണ്ണതയിൽ അവസാനിപ്പിക്കുകയും ഓരോ വായനക്കാരനും അവന്‍റെ സാമൂഹ്യ പശ്ചാത്തലത്തിൽ പൂരിപ്പിക്കാൻ ഇടം നൽകുകയും ചെയ്യുന്നു എന്നതാണ് ഈ എഴുത്തുകളുടെ പ്രത്യേകത.
സർഗാത്മകനിരൂപണം പൂർവാധികം ശക്തിയോടെ വളർന്നുവരുന്നു എന്ന് ഈ കൃതി വിളിച്ചോതുന്നെന്നും വേണുഗോപാലൻ പറഞ്ഞു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ ബി.എസ്. ഉണ്ണികൃഷ്ണൻ, കെ. ചന്ദ്രശേഖരൻ നായർ, ജി.കെ. കല, ഡോക്ടർ സുധ, വല്ലപ്പുഴ ചന്ദ്രശേഖരൻ, രഞ്ജിത്ത്, ശാന്തകുമാർ എലപ്പുള്ളി, വി.കെ. സുരേന്ദ്രൻ, എസ്. നവീൻ, ഡോക്ടർ എം.പി. രാജൻ എന്നിവർ യഥാക്രമം ഇരുട്ടിന്‍റെ ആത്മാവ് (എം.ടി. വാസുദേവൻ നായർ), ഗാന്ധിജിയുടെ അന്ത്യം (തകഴി), വാർത്ത ശരീരം (സന്തോഷ് എച്ചിക്കാനം), വണ്ടി വേഷം( വൈശാഖൻ), കടൽത്തീരത്ത് (ഒ.വി. വിജയൻ), മണിയോർഡർ (എം. ഗോവിന്ദൻ), ഉതുപ്പാന്‍റെ കിണർ (കാരൂർ നീലകണ്ഠ പിള്ള), അയൽക്കാരി (പി. കേശവദേവ്), ഒരു ഡിജിറ്റൽ സ്റ്റുഡിയോ (അശോകൻ ചരുവിൽ) എന്നീ കഥകളെ സംബന്ധിക്കുന്ന ഇ.പി. രാജഗോപാലന്‍റെ ഉൾക്കഥയിലെ നിരൂപണങ്ങളെ വിലയിരുത്തി സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖപ്രഭാഷണം നടത്തി.
സമാജം വനിത വിഭാഗം സജീവ പ്രവർത്തകയായിരുന്ന സുമ മോഹന്‍റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ മുഖ്യാതിഥി ടി.പി. വേണുഗോപാലനെ പരിചയപ്പെടുത്തി.
ജൂബിലി സ്കൂൾ സെക്രട്ടറി കെ. ചന്ദ്രശേഖരക്കുറുപ്പ്, സമാജം ട്രഷറർ എം.കെ. ചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി പി.സി. ജോണി എന്നിവര്‍ പങ്കെടുത്തു. റാണി ശശികുമാർ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

