യു.ജി.സി; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി
text_fieldsബംഗളൂരു: സഹകരണ ഫെഡറലിസത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി യു.ജി.സിയുടെ കരട് ചട്ടങ്ങൾ നിർത്തിവെക്കാനും സംസ്ഥാനങ്ങൾ, അക്കാദമിക് വിദഗ്ധർ, മറ്റു പങ്കാളികൾ എന്നിവരുമായി വിശാലമായ കൂടിയാലോചനകൾ ആരംഭിക്കാനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു.
യു.ജി.സിയുടെ കരട് ചട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഈ ആവശ്യം. വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ പങ്ക് നീക്കം ചെയ്യാനും സംസ്ഥാന നിയമസഭകൾ സ്ഥാപിച്ച സർവകലാശാലകളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്ന വ്യവസ്ഥകൾ രൂപപ്പെടുത്താനും നിലവിലെ കരട് ചട്ടങ്ങൾ നിർദേശിക്കുന്നതായി കത്തിൽ പറഞ്ഞു.
1956 ലെ യു.ജി.സി നിയമ പ്രകാരം പുറപ്പെടുവിച്ച സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള മിനിമം യോഗ്യതകളെക്കുറിച്ചുള്ള കരട് ചട്ടങ്ങളും ഉന്നത വിദ്യാഭ്യാസത്തിലെ നിലവാര പരിപാലനത്തിനുള്ള നടപടികളും 2025-നെക്കുറിച്ചുള്ള എന്റെ ആഴത്തിലുള്ള ആശങ്കകൾ പ്രകടിപ്പിക്കുന്നു.ഉന്നത വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തേണ്ടതിന്റെ പ്രാധാന്യം നാമെല്ലാവരും ഉയർത്തിപ്പിടിക്കുമ്പോൾ ഈ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പങ്കുകൾക്കും ഉത്തരവാദിത്വങ്ങൾക്കും ഇന്ത്യൻ ഭരണഘടന വ്യക്തമായ ഒരു ചട്ടക്കൂട് നൽകുന്നെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഏകോപിപ്പിക്കാനും നിർണയിക്കാനും കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് യൂനിയൻ ലിസ്റ്റിലെ 66ാം എൻട്രി. എന്നാൽ സംസ്ഥാന നിയമങ്ങൾ പ്രകാരം സ്ഥാപിതമായ സർവകലാശാലകളുടെ ഭരണത്തിൽ സംസ്ഥാനങ്ങളുടെ ശരിയായ പങ്കിനെ ഒഴിവാക്കാൻ ഇതു വലിച്ചുനീട്ടരുത്.ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികവും ഭരണപരവുമായ ഉത്തരവാദിത്വത്തിന്റെ സിംഹഭാഗവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വിദ്യാഭ്യാസത്തിനായുള്ള വരുമാന ചെലവിന്റെ 85 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കുന്നതെന്ന് കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

