ഉഡുപ്പി ജില്ല എസ്.എ.എഫ് പരിധിയിലാക്കിയത് മുൻകരുതൽ -മന്ത്രി ജി.പരമേശ്വര
text_fieldsആഭ്യന്ത മന്ത്രി ഡോ.ജി. പരമേശ്വര മാധ്യമങ്ങളോട് സംസാരിക്കുന്നു. മുൻ മന്ത്രി വിനയകുമാർ സൊറകെ സമീപം
മംഗളൂരു: തീരദേശ മേഖലകളിലെ വർഗീയ സംഘർഷങ്ങൾ തടയുന്നതിനായി രൂപവത്കരിച്ച സ്പെഷൽ ആക്ഷൻ ഫോഴ്സിൽ (എസ്.എ.എഫ്) ഉഡുപ്പിയെ ഉൾപ്പെടുത്തിയത് ജില്ല സാമുദായികമായി സെൻസിറ്റിവ് ആണെന്ന് സൂചിപ്പിക്കുന്നില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര വ്യക്തമാക്കി. മേഖലയിലെ സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മുൻകരുതൽ ആവശ്യങ്ങൾക്കായി മാത്രമാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾക്കുശേഷം ഉഡുപ്പി ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി, ഉഡുപ്പിയെ ഉൾപ്പെടുത്തിയതിനെതിരെ യശ്പാൽ സുവർണ എം.എൽ.എ ഉന്നയിച്ച എതിർപ്പുകൾക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
വർഗീയ സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ അത്തരമൊരു ടാസ്ക് ഫോഴ്സിന്റെ ആവശ്യകത അപ്രസക്തമാകും. അത് ആവശ്യമാണോ വേണ്ടയോ എന്ന് ജനങ്ങൾതന്നെ തീരുമാനിക്കണം. ആവശ്യമില്ലെങ്കിൽ, അതിനർഥം വർഗീയത ഇല്ലാതായി എന്നല്ലേ?’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. ഉഡുപ്പി ജില്ലയുടെ അന്തസ്സിനെയോ പ്രതിച്ഛായയെയോ ഈ നീക്കം ബാധിക്കുന്നില്ല. നക്സൽ പ്രവർത്തനങ്ങൾ തടയുന്നതിനായി ഞങ്ങൾ കാർക്കളയിൽ എ.എൻ.എഫ് ആസ്ഥാനം സ്ഥാപിച്ചപ്പോൾ ഉഡുപ്പിയുടെ അന്തസ്സിന് കോട്ടം സംഭവിച്ചതായി ആരെങ്കിലും പറഞ്ഞോ? അന്ന് പലരും നക്സലുകളാൽ കൊല്ലപ്പെട്ടിരുന്നു.
പൊലീസ് സാന്നിധ്യം ഉള്ളതുകൊണ്ട് മാത്രം പ്രദേശത്തിന് അതിന്റെ ബഹുമാനം നഷ്ടപ്പെട്ടു എന്നാണോ അർഥമാക്കുന്നത്?’ അദ്ദേഹം ചോദിച്ചു. മംഗളൂരു പൊലീസ് കമീഷണറുടെ അധികാരപരിധിയിലായിരിക്കും എസ്.എ.എഫ് എന്നും മൂന്ന് ജില്ലകളുടെ മേൽനോട്ടം ഐ.ജി.പി ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ക്ഷേത്രസന്ദർശനം ഔദ്യോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. മൂകാംബിക ദേവിയുടെ അനുഗ്രഹം തേടാനാണ് ഞാൻ പോയത്. ഞാൻ എന്തിനാണ് പോയത്, എന്തിനു വേണ്ടി പ്രാർഥിച്ചു എന്നത് മാധ്യമങ്ങൾ ചോദിക്കേണ്ടതോ വെളിപ്പെടുത്തേണ്ടതോ അല്ല,’ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

