യാത്രികരുടെ സുരക്ഷ; ഉബറും ഒലയും ബംഗളൂരു പൊലീസുമായി കൈകോർത്തു
text_fieldsഉബർ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യയിലെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ലീഡ് ദീപക് ബസ്രാനി,
ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് എന്നിവര്‍ ബംഗളൂരുവിലെ
വാര്‍ത്തസമ്മേളനത്തിൽ
ബംഗളൂരു: സിറ്റി പൊലീസ് (ബി.സി.പി) ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഉബർ, ഒല എന്നിവയുമായി സഹകരിച്ച് റൈഡർമാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ മുന്‍നിര്‍ത്തി സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനം നടപ്പാക്കി.
ഇതിന്‍റെ ഭാഗമായി യാത്ര ബുക്ക് ചെയ്യുന്ന ഉബർ, ഒല മൊബൈൽ ആപ്ലിക്കേഷനുകളിൽ അടിയന്തര കാൾ സൗകര്യം ഉൾപ്പെടുത്തി. ഇതിലൂടെ അടിയന്തര സഹായം തേടുന്ന യാത്രികര്‍ക്കും ഡ്രൈവർമാർക്കും ഉബർ/ഒല ആപ്പിൽനിന്ന് നേരിട്ട് ബംഗളൂരു സിറ്റി പൊലീസിന്‍റെ 112 എമർജൻസി റെസ്‌പോൺസ് ഇൻഫ്രാസ്ട്രക്ചറുമായി തത്സമയ ലൊക്കേഷൻ വിവരങ്ങള്‍, യാത്ര വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ പങ്കിടാം.
അടിയന്തര ഘട്ടങ്ങളിൽ പൊലീസിന് വേഗത്തിൽ വിവരം ലഭ്യമാക്കുന്നതിനും തീരുമാനം കൈക്കൊള്ളുന്നതിനും പ്രഥമ ശുശ്രൂഷ നൽകുന്നവരെ നിയമക്കുരുക്കിൽനിന്ന് സംരക്ഷിക്കാനും സാധിക്കും.
ഉബറും ഒലയുമായുള്ള ഈ സംരംഭം തത്സമയ ലൊക്കേഷനും യാത്രികരുടെയും ഡ്രൈവറുടെയും വിവരങ്ങള്‍ നേരിട്ട് അറിയുന്നതിന് സഹായിക്കും. അടിയന്തര ഘട്ടങ്ങളിൽ ആളുകളെ ഫലപ്രദമായ രീതിയില്‍ സഹായിക്കാൻ സാധിക്കുമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. തെലങ്കാന, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ സമാനരീതിയില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സംരംഭം വികസിപ്പിക്കുമെന്ന് ഉബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ സേഫ്റ്റി ഓപറേഷൻസ് മേധാവി സൂരജ് നായർ പറഞ്ഞു. യാത്രക്കിടെ നീല ഷീൽഡ് ഐക്കണിൽ ടാപ്പ് ചെയ്‌ത് റൈഡർക്കോ ഡ്രൈവർക്കോ സുരക്ഷാ ടൂൾകിറ്റ് ആക്‌സസ് ചെയ്യാൻ കഴിയും. തുടര്‍ന്ന് ‘112’അസിസ്റ്റൻസിൽ എത്തുമ്പോൾ ഉപഭോക്താവിന്‍റെ ലൊക്കേഷനും കോൺടാക്ട് വിശദാംശങ്ങളും ആവശ്യപ്പെടും.
പങ്കുവെക്കുന്ന വിശദാംശങ്ങള്‍ നേരിട്ടു പൊലീസിന് ലഭിക്കും. ഉപഭോക്താവിന് അവരുടെ ലൊക്കേഷൻ പൊലീസുമായി പങ്കിടാൻ താൽപര്യമില്ലെങ്കിൽ ഓപ്ഷന്‍ ഓഫാക്കാന്‍ സാധിക്കും. ഈ സാഹചര്യത്തിൽ വിവരങ്ങള്‍ പൊലീസിന് ലഭിക്കില്ല. എങ്കിലും ഉപഭോക്താവിന് അവരുടെ ഫോൺ വഴി 112 എന്ന നമ്പറിൽ എപ്പോഴും ബന്ധപ്പെടാം. ഓരോ നാല് സെക്കൻഡിലും ലൈവ് ലൊക്കേഷൻ അപ്‌ഡേറ്റ് ചെയ്യപ്പെടും. ഉപഭോക്താവിന്‍റെ പേര്, നമ്പർ, ഡ്രൈവറുടെയും വാഹനത്തിന്‍റെയും വിശദാംശങ്ങൾ, ഇ മെയിൽ എന്നിവ പൊലീസിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

