രണ്ടുപേർക്ക് കുത്തേറ്റു; നാലുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാന പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച അർധരാത്രി നാലുപേരടങ്ങുന്ന സംഘം രണ്ട് യുവാക്കളെ കുത്തിപ്പരിക്കേൽപിച്ചു. ചൊക്കബെട്ടു സ്വദേശി നിസാം (23), കൃഷ്ണപുര ഹിൽസൈഡ് സ്വദേശി ഹസൻ മുർഷിദ് (18) എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സൂറത്ത്കൽ കാനയിൽ താമസിക്കുന്ന കടവി എന്ന സുശാന്ത് (29), കെ.വി. അലക്സ് (27), സൂറത്ത്കൽ സ്വദേശികളായ നിതിൻ (26), അരുൺ ഷെട്ടി (56) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് അഭയം നൽകി എന്നതിനാണ് അരുൺ ഷെട്ടി അറസ്റ്റിലായത്.
അടിവയറ്റിൽ ആഴത്തിലുള്ള കുത്തേറ്റ നിസാമിനെ മുക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം മംഗളൂരുവിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നിസ്സാര പരിക്കേറ്റ മുർഷിദ് മുക്കയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
അഞ്ച് സുഹൃത്തുക്കൾ രണ്ട് ബൈക്കുകളിൽ കൃഷ്ണപുരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. നിസാമും മുർഷിദും സഞ്ചരിച്ചിരുന്ന വാഹനം പെട്രോൾ തീർന്ന് റോഡരികിൽ നിർത്തി, സുഹൃത്തുക്കൾ അടുത്തുള്ള പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറക്കാൻ പോയി. ആ സമയം സമീപത്തെത്തിയ ആക്രമിസംഘത്തിലൊരാൾ ‘ഹനീഫിനെ അറിയാമോ’ എന്ന് ചോദിച്ച് നിസാമിനെയും ഹസൻ മുർഷിദിനെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ടു.
സൂറത്ത്കൽ പൊലീസ് ഇൻസ്പെക്ടർ പ്രമോദ് കുമാറും സംഘവും സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ആക്രമണത്തിന് നേതൃത്വം നൽകിയത് സംഘ്പരിവാർ പ്രവർത്തകനും തെരുവുഗുണ്ടയുമായ ഗുരുരാജ് ആണെന്ന് കണ്ടെത്തി. പൊലീസ് ഗുരുരാജിന്റെ ഒളിത്താവളം റെയ്ഡ് ചെയ്തെങ്കിലും പിടികൂടാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

