കവർച്ച കേസിൽ മലയാളിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
text_fieldsകലന്ദർ, റിയാസ്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ പഡുബിദ്രി, കോട്ട, കുന്താപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ കവർച്ചകളുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന മോഷ്ടാക്കളെ പഡുബിദ്രി പൊലീസ് അറസ്റ്റ് ചെയ്തു.ദക്ഷിണ കന്നട ജില്ലയിൽ പുത്തൂർ താലൂക്ക് കൊയ്ല വില്ലേജിലെ കലൈ ഹൗസിൽ താമസിക്കുന്ന ഇബ്രാഹിം കലന്ദർ (35), കാസർകോട് ജില്ലയിലെ കുമ്പള ഊർമിച്ചൽ ബേക്കൂർ സ്വദേശി കടപ്പ റിയാസ് എന്ന മുഹമ്മദ് റിയാസ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 22ന് പഡുബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ പടേബെട്ടു ഗ്രാമത്തിലെ കാമത്ത് പെട്രോൾ പമ്പിന് സമീപമുള്ള ഗണേഷ് പ്രസാദ് ഷെട്ടിയുടെ വീട്ടിൽ വാതിൽ തകർത്ത് അകത്തുകടന്ന ആക്രമികൾ 1,20,000 രൂപ വിലമതിക്കുന്ന പഴയ സ്വർണമാലയും 25,000 രൂപയും കവർന്നു.
ഷെട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഡുബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മോഷണത്തിന് ഉപയോഗിച്ച ടാറ്റ പഞ്ച് വാഹനവും 24,000 രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ ഉഡുപ്പി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇബ്രാഹിം കലന്ദർ നിരവധി മോഷണങ്ങളിൽ ഉൾപ്പെട്ട ഒരു സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാസർകോട് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് ക്ഷേത്ര മോഷണങ്ങളിലും വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ വീട്ടിൽ മോഷണം നടത്തിയതിലും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കവർച്ചശ്രമത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ വീട് കൊള്ളയടിക്കൽ, ഉഡുപ്പിയിലെ ഹെബ്രി പൊലീസ് സ്റ്റേഷന് കീഴിലുള്ള മുനിയാലുവിൽ സൊസൈറ്റി കവർച്ച, വിട്ളയിലെ കർണാടക ബാങ്കിൽ മോഷണം എന്നിവയിലും ഇയാൾക്ക് ബന്ധമുണ്ട്. മൂഡ്ബിദ്രി പൊലീസ് സ്റ്റേഷനിൽ അടക്ക മോഷണ കേസ്, പുത്തൂർ സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള ഒന്നിലധികം വീടുകളിൽ മോഷണം, കടബ പൊലീസ് സ്റ്റേഷനിൽ മാല പിടിച്ചുപറി കേസ്, ഉപ്പിനങ്ങാടി, ബണ്ട്വാൾ റൂറൽ, കുശാൽനഗർ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കടകളിൽ മോഷണം എന്നിവയിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരി 15ന് കേരളത്തിലെ ഹൊസ്ദുർഗ് ജില്ല ജയിലിൽനിന്ന് ഇയാൾ ഏറ്റവും ഒടുവിൽ മോചിതനായി.
രണ്ടാം പ്രതിയായ മുഹമ്മദ് റിയാസ് എന്ന കടപ്പ റിയാസിനും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ട്. കാസർകോട് ജില്ലയിലെ കുമ്പള പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കുറ്റം ചുമത്തിയ ഇയാൾക്കെതിരെ പുത്തൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് വിൽപന നടത്തിയതിന് കേസെടുത്തിട്ടുണ്ട്. മേയ് 12ന് കാസർകോട് സബ് ജയിലിൽനിന്ന് ഇയാൾ പുറത്തിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

