വീട് കവർച്ച കേസിൽ രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ
text_fieldsഹമീദ്, ജാബിർ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ നടന്ന നിരവധി മോഷണ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തു. കാസർകോട് താമസിക്കുന്ന ബണ്ട്വാൾ താലൂക്കിലെ കോൾനാട് സ്വദേശി എ. ഹമീദ് (33), കോൾനാട് സ്വദേശിയും കാസർകോട് താമസക്കാരനുമായ എ. ജാബിർ എന്ന ജാബി (38) എന്നിവരാണ് അറസ്റ്റിലായത്. 23.67 ലക്ഷം രൂപയുടെ മോഷ്ടിച്ച സ്വത്തുക്കൾ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടതായി ബെൽത്തങ്ങാടി താലൂക്കിലെ പുഞ്ചൽക്കട്ടെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിനിടെ ഹമീദിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കാറും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാബിറിനെ അറസ്റ്റ് ചെയ്തത്.
പുഞ്ചൽക്കട്ടെ കവർച്ച കേസുമായി ബന്ധപ്പെട്ട് 68.690 ഗ്രാം സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 2025ൽ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസുമായി ബന്ധപ്പെട്ട 21.810 ഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ഉപ്പിനങ്ങാടി, ബണ്ട്വാൾ ടൗൺ, ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഓരോ മോഷണക്കേസുകൾ ഉൾപ്പെടെ അഞ്ച് മോഷണ കേസുകളിൽ രണ്ട് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

