ബംഗളൂരു രണ്ടാം വിമാനത്താവളത്തിന് രണ്ട് സ്ഥലങ്ങൾ നിർണയിച്ചു -മന്ത്രി
text_fieldsഎം.ബി. പാട്ടീൽ
ബംഗളൂരു: രണ്ടാം ബംഗളൂരു വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫെബ്രുവരി 17ന് മുമ്പ് ഈ നിർദേശം വിമാനത്താവള അതോറിറ്റിക്ക് അയക്കുമെന്നും കർണാടക അടിസ്ഥാന സൗകര്യ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. എ.എ.ഐയിലേക്ക് രണ്ട് നിർദേശങ്ങൾ അയക്കാമെന്ന് സൂചിപ്പിച്ച മന്ത്രി സ്ഥലം തെരഞ്ഞെടുക്കൽ ‘മെറിറ്റ്’ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അത് ഒരു രാഷ്ട്രീയ തീരുമാനമായിരിക്കില്ലെന്നും വ്യക്തമാക്കി.
ബംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സാധ്യതയുള്ള സ്ഥലങ്ങളായി നെലമംഗലയും കനകപുര റോഡും സംസ്ഥാന സർക്കാർ പരിഗണിച്ചതായാണ് സൂചന. രണ്ടാമത്തെ വിമാനത്താവളത്തെക്കുറിച്ച് ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് മന്ത്രി പറഞ്ഞു. നാല് സ്ഥലങ്ങളില്‍ രണ്ടെണ്ണം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുവട്ട വിശദീകരണം മുഖ്യമന്ത്രിക്ക് നല്കി. ആഗോള നിക്ഷേപക സംഗമത്തിന് മുമ്പോ ഒന്നോ രണ്ടോ ദിവസത്തിന് ശേഷമോ മുഖ്യമന്ത്രിക്ക് വീണ്ടും വിശദീകരണം നല്‍കും.
താൻ വ്യക്തിപരമായി ഇത് നിരീക്ഷിക്കുന്നതിനാൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ബംഗളൂരു നഗരത്തിന്റെയും ബിസിനസുകളുടെയും താൽപര്യം കണക്കിലെടുത്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നത്.
അതോറിറ്റി രണ്ട് സ്ഥലങ്ങൾക്കും അനുമതി നൽകിയാൽ സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അവയിൽ ഒന്ന് തെരഞ്ഞെടുക്കേണ്ടിവരും. നമുക്ക് ഭൂമി നൽകാം; പക്ഷേ, നിക്ഷേപകരും അതിനായി മുന്നോട്ട് വരേണ്ടതുണ്ട്. അവർ ലാഭക്ഷമത തേടും. ഇതെല്ലാം പരിഗണിക്കും. സംസ്ഥാന സർക്കാർ ഭൂമി നൽകേണ്ടതുണ്ട്. ഇതിന് 10,000 കോടി രൂപ ചെലവാകും.
ദേവനഹള്ളിയിലെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എക്സ് ക്ലൂസിവിറ്റി ക്ലോസ് അല്ലെങ്കിൽ മുൻഗണന ക്ലോസ് 2033ഓടെ അവസാനിക്കുമെന്നും 2030ഓടെ വിമാനത്താവളത്തിന്റെ നൂറു ദശലക്ഷം യാത്രക്കാരുടെ ശേഷി കൈവരിക്കുമെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി നല്ല ഉദ്ദേശ്യത്തോടെ തങ്ങൾ നേരത്തേയുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇപ്പോൾ ആരംഭിക്കുകയാണെങ്കിൽ പൂർത്തിയാകാൻ എട്ട് വർഷം വരെ എടുക്കും. ചുരുക്കപ്പട്ടിക ചെയ്ത രണ്ട് സ്ഥലങ്ങൾ വെളിപ്പെടുത്താൻ മന്ത്രി സന്നദ്ധമായില്ല.
‘‘തുമകുരു ഭാഗത്തേക്ക് രണ്ടാമത്തെ വിമാനത്താവളം വരണമെന്ന് ഡോ. ജി. പരമേശ്വര (ആഭ്യന്തരമന്ത്രി) ആഗ്രഹിക്കുന്നുണ്ടാകാം, മറ്റുള്ളവർ മറ്റു സ്ഥലങ്ങൾ നിർദേശിച്ചേക്കാം. അത് അവരുടെ അവകാശമാണ്.
പക്ഷേ, ഞങ്ങൾ തീരുമാനിക്കുമ്പോൾ അത് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും’’ -പാട്ടീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

