ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ച ഉദ്യോഗസ്ഥർക്ക് രണ്ടു ലക്ഷം പിഴ
text_fieldsബംഗളൂരു: ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ നല്‍കാത്തതിനെ തുടര്‍ന്ന് ഹസൻ ജില്ലയിലെ ജാതി വരുമാന പരിശോധന സമിതിക്കും ചെയര്‍മാനും കര്‍ണാടക ഹൈകോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തി.
ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് കൃത്യസമയത്ത് നല്‍കാത്തതിനെ തുടർന്ന് ചന്നരായപട്ടണ സ്വദേശി ബി.എൻ. മുത്തുലക്ഷ്മിക്ക് 12 മാസത്തോളം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോലി ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടിവന്നെന്നാണ് പരാതി. ഇവർ നൽകിയ ഹരജിയിലാണ് ഹൈകോടതി വിധി. ഹരജിക്കാരിയുടെ ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു. ഇദ്ദേഹത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് കോടതി അനുശാസിക്കുന്ന വരുമാന പരിധിയില്‍ വരില്ലെന്ന് കമ്മിറ്റി പറയുകയും കോടതി ഉത്തരവിന് ശേഷം ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് നൽകാന് വിസമ്മതിക്കുകയുമായിരുന്നു.
2024 മാര്‍ച്ച് ആറിലെ ഉത്തരവ് ചോദ്യം ചെയ്ത് മുത്തുലക്ഷ്മി ഹൈകോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോടതി ഉത്തരവിന് ശേഷം 2024 ഏപ്രില്‍ 24ല്‍ ജോലി ലഭിക്കുകയും ചെയ്തു. 2023 ജനുവരി 17ന് തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്ക്കും നിയമനം നല്‍കിയതായി ഹരജിക്കാരിയുടെ അഭിഭാഷകന് വാദിച്ചു.
ജാതി വരുമാന സര്‍ട്ടിഫിക്കറ്റ് എപ്പോഴും അച്ഛന്റെ വരുമാനത്തെ ആശ്രയിച്ചാണെന്നും ഭര്‍ത്താവിന്റെ വരുമാനത്തെ ആശ്രയിച്ചല്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി. കൂടാതെ അനാവശ്യമായി അപേക്ഷകരെ കോടതിയില്‍ കയറ്റിയിറക്കുന്ന രീതി സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സെലക്ഷന് പട്ടികയിൽ കൂടെയുള്ളവര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഹരജിക്കാരി നേരിട്ട മാനസിക സംഘര്‍ഷം കണക്കിലെടുക്കണമെന്നും വ്യക്തിക്ക് ലഭിക്കേണ്ട ന്യായമായ സന്തോഷം അപഹരിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
ശക്തമായ നിയമം നിലനില്‍ക്കുമ്പോഴും ഉദ്യോഗസ്ഥർ അത് ലംഘിച്ചതായി കോടതി കണ്ടെത്തി.
ഹരജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുക മാത്രമല്ല ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണിതെന്ന് കോടതി വിധിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

