കടുവയും കുഞ്ഞുങ്ങളും ചത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ
text_fieldsചത്ത കടുവകൾ
ബംഗളൂരു: എം.എം ഹിൽസിൽ കടുവയും നാല് കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മാഡ എന്ന മധുരാജും(38), സഹായി നാഗരാജുമാണ് (39) അറസ്റ്റിലായത്. കടുവ കൊന്ന പശുവിന്റെ ജഡത്തിൽ വിഷം തളിച്ച് പ്രതികാരം ചെയ്യുകയായിരുവെന്ന് മധുരാജ് പൊലീസിനോട് പറഞ്ഞു.
തന്റെ ‘കെഞ്ചി’ എന്ന പശുവിനെ വന്യമൃഗങ്ങൾ ഇരയാക്കിയതിൽ മധുരാജു പ്രകോപിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നഷ്ടത്തിന് പ്രതികാരം ചെയ്യാൻ അയാൾ പശുവിന്റെ ജഡത്തിൽ വിഷം തളിച്ചു.
കൃത്യം നടത്തുമ്പോൾ അദ്ദേഹത്തിന്റെ സുഹൃത്ത് നാഗരാജുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആദ്യം പശുവിനെ ഇരയാക്കിയ കടുവ വീണ്ടും കുഞ്ഞുങ്ങളുമായി പശുവിനെ തിന്നാൻ തിരിച്ചെത്തുകയും വിഷം കഴിച്ച് ചാവുകയും ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായി രണ്ട് പ്രതികളെയും ചാമരാജനഗർ ജില്ലയിലെ ഹനുരു താലൂക്കിലെ മീന്യം ആസ്ഥാനമായുള്ള ‘ആരണ്യ ഭവനിലേക്ക്’ കൊണ്ടുപോയി.അന്വേഷണത്തിനിടെ മധുരാജുവിന്റെ പിതാവ് ശിവണ്ണ കടുവകൾ ചത്തതിന് താൻ ഉത്തരവാദിയാണെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചു.
എന്നാൽ അന്വേഷണത്തിൽ മകന്റെ പങ്ക് വ്യക്തമായതിനെത്തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചു. നേരത്തെ മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചിരുന്നു.
സംഭവത്തിൽ വനംവകുപ്പിന്റെ ഉന്നതതല അന്വേഷണവും ഇതോടൊപ്പം നടക്കുമെന്നും അറിയിച്ചിരുന്നു. ജൂൺ 26 ന് പുറത്തിറക്കിയ ഉത്തരവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ടംഗ എസ്.ഐ.ടി രൂപവത്കരിച്ചതായും സംസ്ഥാന സർക്കാർ ഉന്നതതല സമിതിക്ക് നൽകിയതിന് സമാനമായ സമയപരിധി നൽകിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ബംഗളൂരുവിലെ റീജനൽ ബ്യൂറോയിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഹരിണി വി, വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിലെ സൗത്ത് റീജ്യനിലെ ഫോറസ്റ്റ്സ് അസി. ഇൻസ്പെക്ടർ ജനറൽ തേൻമൊഴി വി എന്നിവരാണ് സമിതി അംഗങ്ങൾ. 14 ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

