വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ടു പേർ അറസ്റ്റിൽ; പാസ്‌പോർട്ടുകളും സ്വർണവും പിടിച്ചെടുത്തു
text_fieldsപ്രതികളായ യു. പ്രകൃതി, ആൾട്ടൺ റെബെല്ലോ
മംഗളൂരു: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിക്കുകയും ജോലി നൽകാതെ ഒരു കോടിയോളം രൂപ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി ബംഗളൂരു ആനേക്കൽ താലൂക്കിലെ വീവേഴ്‌സ് കോളനിയിൽ താമസിക്കുന്ന ടി. ഉപേന്ദ്രയുടെ മകൾ യു. പ്രകൃതി (34), രണ്ടാംപ്രതി ഉഡുപ്പി താലൂക്കിൽ കുന്താപുരം ഗംഗോളി ചർച്ച് റോഡിൽ താമസിക്കുന്ന അഗസ്റ്റിൻ റെബെല്ലോയുടെ മകൻ ആൾട്ടൺ റെബെല്ലോ (42) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശ തൊഴിൽ വിസകളും നല്ല ശമ്പളമുള്ള ജോലികളും ക്രമീകരിക്കാമെന്ന് പ്രതികൾ കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരെ വിശ്വസിപ്പിച്ചതായി മംഗളൂരു പൊലീസ് പറഞ്ഞു. ഇവരുടെ ഉറപ്പുകൾ വിശ്വസിച്ച് നിരവധി പേർ വൻതുകകൾ കൈമാറി. ജോലി ലഭിക്കാത്തപ്പോൾ പൊലീസിൽ പരാതി നൽകി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 420, 149 വകുപ്പുകൾ പ്രകാരം ക്രിമിനൽ വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് കാവൂർ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 131/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗളൂരുവിൽ നടത്തിയ തുടർ പരിശോധനയിൽ വിസ ഏർപ്പാട് ചെയ്യാനെന്ന വ്യാജേന തൊഴിലന്വേഷകരിൽ നിന്ന് ശേഖരിച്ച 24 പാസ്‌പോർട്ടുകൾ, 4.3 ലക്ഷം രൂപ വിലമതിക്കുന്ന 43 ഗ്രാം സ്വർണം, തട്ടിപ്പിന് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
വിദേശജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പാസ്‌പോർട്ടുകളും പണവും ശേഖരിച്ച് ശൃംഖലയായി പ്രവർത്തിക്കുകയായിരുന്നു പ്രതികൾ. രേഖകൾ പ്രതികൾ അനധികൃതമായി വസതിയിൽ സൂക്ഷിച്ചിരുന്നു. പൊലീസ് ഇൻസ്പെക്ടർ രാഘവേന്ദ്ര എം. ബൈന്ദൂർ, സബ് ഇൻസ്പെക്ടർ മല്ലികാർജുൻ ബിരാദർ എന്നിവരുടെ നേതൃത്വത്തിൽ എ.സി.പി (നോർത്ത് സബ് ഡിവിഷൻ) ശ്രീകാന്ത കെയുടെ മേൽനോട്ടത്തിലാണ് ഓപറേഷൻ നടന്നത്. എച്ച്.സി. നാഗരത്ന, പി.സിമാരായ രാഘവേന്ദ്ര, പ്രവീൺ, റിയാസ് എന്നിവരുടെ സഹായത്തോടെയാണ് കാവൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

