തുരങ്ക റോഡ് ലാൽബാഗിനെ ബാധിക്കില്ല- ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു വോക് (ബംഗളൂരു നടിഗെ) പരിപാടിയുടെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ലാൽബാഗിലെ പ്രഭാതനടത്തക്കാർക്കൊപ്പം
ബംഗളൂരു: തുരങ്ക റോഡ് പദ്ധതിക്കായി ലാൽബാഗിലെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ലാൽബാഗ് വികസനത്തിന് 10 കോടി രൂപ നൽകും. ടണൽ റോഡ് പദ്ധതി ഒരു തരത്തിലും ലാൽബാഗിനെ ബാധിക്കില്ലെന്നും നഗരവികസനത്തിന്റെ ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരു വോക് (ബംഗളൂരു നടിഗെ) പരിപാടിയുടെ ഭാഗമായി ലാൽബാഗിലെ പ്രഭാതനടത്തക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറേക്കർ ഭൂമി തുരങ്കറോഡിനായി ഏറ്റെടുക്കുമെന്നതു ശരിയല്ല. പാർക്കിങ്ങിനോടുചേർന്ന ഒന്നര ഏക്കർ ഭൂമി നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സൂക്ഷിക്കാൻ വേണ്ടിവരും. പ്രവൃത്തികൾ പൂർത്തിയായാൽ ഭൂമി വിട്ടുനൽകും.
ലാൽബാഗിനെയോ ഇവിടെയെത്തുന്ന സന്ദർശകരെയോ ബാധിക്കില്ല. ലാൽബാഗിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ഡോക്ടറുടെയും ആംബുലൻസിന്റെയും സേവനം ലഭ്യമാക്കും. ശുചിമുറികൾ സൗജന്യമായി തുറന്നു നൽകും. സ്ത്രീകൾക്കും മുതിർന്നവർക്കുമായി ജിംനേഷ്യം സ്ഥാപിക്കുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ബംഗളൂരു നടിഗെ തുടരും.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള എല്ലാ പാർക്കുകളും സന്ദർശിച്ച് പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുമെന്നും ഡി.കെ. ശിവകുമാർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 240 ഏക്കർ വിസ്തൃതിയുള്ള ലാൽബാഗ് നഗരത്തിലെ പച്ചത്തുരുത്താണ്. തുരങ്കത്തിനായി പാർക്കിന്റെ ഒരു ഭാഗം ഏറ്റെടുക്കുമെന്നും വ്യാപകമായി മരം മുറിക്കേണ്ടിവരുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിൽ പരിസ്ഥിതിപ്രവർത്തകരും പ്രഭാത-സായാഹ്ന നടത്തക്കാരും സന്ദർശകരും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

