ട്രക്കുടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
text_fieldsബംഗളൂരു: ഡീസൽ വില വർധിപ്പിച്ചത് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ ട്രക്കുടമകൾ തിങ്കളാഴ്ച അർധരാത്രി മുതൽ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു. വ്യാഴാഴ്ച കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ ഫെഡറേഷൻ (എഫ്.ഒ.കെ.എസ്.എൽ.ഒ.എ.എ) ഭാരവാഹികൾ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ലോറി ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേസമയം, പ്രധാന ആവശ്യങ്ങളായ വർധിപ്പിച്ച ഡീസൽ വില കുറക്കുക, സംസ്ഥാന പാതകളിലെ ടോൾപ്ലാസകൾ നീക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. പകൽ സമയങ്ങളിൽ ബംഗളൂരു നഗരത്തിൽ ലോറികൾക്ക് പ്രവേശനം നിഷേധിക്കുന്നത് പിൻവലിക്കണമെന്ന ആവശ്യത്തിൽ സിറ്റി പൊലീസ് കമീഷണറുമായി സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.
രാവിലെ ഏഴിനും എട്ടിനുമിടയിൽ ലോറികളുടെ ചരക്കിറക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രക്കുകൾക്ക് ചുമത്തുന്ന പിഴയിൽ ഓൺലൈനായി പണമടക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവർമാരുടെ ലൈസൻസ് പുതുക്കാൻ കൂടുതൽ സെന്ററുകൾ ഏർപ്പെടുത്തും. ചൊവ്വാഴ്ച മന്ത്രി രാമലിംഗ റെഡ്ഡിയുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ലോറി ഉടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കർണാടകയിലെ ട്രക്ക് സർവിസുമായി ബന്ധപ്പെട്ട 129 സംഘടനകളുടെ കൂട്ടായ്മയാണ് എഫ്.ഒ.കെ.എസ്.എൽ.ഒ.എ.എ. സംഘടനയിൽ ആറു ലക്ഷത്തിലേറെ അംഗങ്ങളാണുള്ളത്.
സംസ്ഥാന അതിർത്തികളിൽ ഇപ്പോഴും ആർ.ടി.ഒ ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവ പൂർണമായും ഒഴിവാക്കണമെന്നുമാണ് ലോറി ഉടമകളുടെ മറ്റൊരു ആവശ്യം. ജി.എസ്.ടി സമ്പ്രദായം വന്നതോടെ മിക്ക സംസ്ഥാനങ്ങളിലും ഇത്തരം ആർ.ടി.ഒ ചെക്പോസ്റ്റുകൾ പ്രവർത്തനം അവസാനിപ്പിച്ചതായും എന്നാൽ, കർണാടകയിൽ മാത്രം ആർ.ടി.ഒമാർ പണം പിരിക്കുന്നതടക്കമുള്ള സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നും എഫ്.ഒ.കെ.എസ്.എൽ.ഒ.എ.എ പ്രസിഡന്റ് ഷൺമുഖപ്പ ചൂണ്ടിക്കാട്ടി. മൂന്നു മാസത്തിനകം സംസ്ഥാനാതിർത്തിയിലെ ആർ.ടി.ഒ ചെക്പോസ്റ്റുകൾ നീക്കുമെന്ന് മന്ത്രി മറുപടി നൽകിയതായി അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
