വനാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ആദിവാസികൾ
text_fieldsനാഗർഹോളെയിലെ ആദിവാസികൾ (ഫയൽ ചിത്രം)
ബംഗളൂരു: നാഗർഹോളെ വനത്തിൽ വിവിധ പദ്ധതികളുടെ പേരിൽ ആദിവാസികൾക്കു നേരെ കൈയേറ്റം നടക്കുകയാണെന്നും വനമേഖലയിൽ താമസിക്കുന്ന വിവിധ ആദിവാസി സമുദായങ്ങളുടെ സംരക്ഷണത്തിന് വനാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും നാഗര്‍ഹോളെ ആദിവാസി ജമ്മ പാളെ ഹക്കുസ്ഥാപന സമിതി ആവശ്യപ്പെട്ടു.
ആദിവാസികളുടെ അവകാശ സംരക്ഷണങ്ങൾക്കായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ ഭാരവാഹികൾ ബംഗളൂരു പ്രസ് ക്ലബിൽ വാർത്തസമ്മേളനം നടത്തിയാണ് വിവിധ ആവശ്യങ്ങൾ അധികാരികൾക്ക് മുന്നിൽ ഉന്നയിച്ചത്. നാഗര്‍ഹോള ആദിവാസി ജമ്മ പാളെ ഹക്കുസ്ഥാപന സമിതി പ്രതിനിധികളായ പി.സി. രാമു, ജെ.കെ. തിമ്മ, ഉദയ, ശിവ ജയ എന്നിവര്‍ സംസാരിച്ചു.
ദേശീയ കടുവ സംരക്ഷണ പദ്ധതിയുടെ പേരിൽ വനം വകുപ്പ് ആദിവാസികൾക്കു നേരെ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും കടുവ സംരക്ഷണത്തിന്റെ പേരില്‍ ചെക് പോസ്റ്റുകളും ഗേറ്റുകളും സ്ഥാപിക്കുന്നതിലൂടെ ആദിവാസികളുടെ വീടുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്നു. കൂടാതെ, വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും ആരാധനാലയങ്ങളുടെ നിർമാണം എന്നിവക്കും വിലക്ക് ഏര്‍പ്പെടുത്തിയതായും പ്രതിനിധികൾ പറഞ്ഞു.
ജെനു കുറുബ, ബെട്ട കുറുബ, യെരവ, പണിയ ആദിവാസി വിഭാഗത്തില്‍പെട്ടവരാണ് നാഗര്‍ഹോളെ വനത്തില്‍ താമസിക്കുന്നത്. വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരെ 2006ലെ ആദിവാസി വനാവകാശ നിയമ പ്രകാരം സ്വന്തം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരണമെന്നും വനസംരക്ഷണത്തിന്റെ മറവില്‍ ആദിവാസികള്‍ക്ക് മേൽ ചുമത്തുന്ന തെറ്റായ നിയമങ്ങള്‍ നിര്‍ത്തലാക്കി അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും നാഗര്‍ഹോളെ ആദിവാസി ജമ്മ പാളെ ഹക്കുസ്ഥാപന സമിതി ആവശ്യപ്പെട്ടു.
നാഗര്‍ഹോളെ വനത്തില്‍നിന്ന് 2000 കുടുംബങ്ങളെ മൈസൂരുവിലെ കാടുകളിലേക്ക് നിര്‍ബന്ധപൂര്‍വം മാറ്റി താമസിപ്പിച്ചിരുന്നു. ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റം മിക്കവരുടെയും അകാല മരണത്തിന് കാരണമായെന്നും അവർ സൂചിപ്പിച്ചു. കാട്ടിലെ ഭക്ഷണ രീതികള്‍ പിന്തുടര്‍ന്ന സമയത്ത് ശരാശരി ജീവിത ദൈര്‍ഘ്യം 112 വയസ്സായിരുന്നു.
ഇപ്പോള്‍ അത് 50-60 വയസ്സിലേക്ക് ചുരുങ്ങി. ഇതിനു പുറമെ, വിവിധ തരത്തിൽ ആദിവാസികളെ ചൂഷണം ചെയ്യുന്നുണ്ട്. കരടിക്കല്‍, ഹത്തിരുകൊല്ലി കാന്തൂര് ഗ്രാമങ്ങളിലെ ആദിവാസികളെ കാപ്പിത്തോട്ടങ്ങളില്‍ പണിയെടുപ്പിക്കുകയും വേതനം നല്കാതിരികുകയും ചെയ്തിരുന്നു.
ഇത്തരം ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ കാട്ടറിവുകള്‍ പൂർണമായും നഷ്ടപ്പെടുന്നു. വനനിയമ പ്രകാരം രണ്ടു ഗ്രാമങ്ങളില്‍ വീട് നിർമിക്കാനുള്ള പ്ലാന്‍ തയാറായെങ്കിലും വനംവകുപ്പ് വീട് നിർമിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. റവന്യൂ വകുപ്പ്, പഞ്ചായത്തീ രാജ് സമിതി, ആദിവാസി ക്ഷേമ വകുപ്പ് എന്നിവര്‍ അനുമതി നല്‍കിയിട്ടും വനംവകുപ്പിന്റെ കടുംപിടിത്തം മൂലം പദ്ധതി നടപ്പിലായില്ല. നാഗര്‍ഹോള ടൈഗര്‍ റിസര്‍വാക്കി പ്രഖ്യാപിക്കുന്ന സമയത്തും അതിനകത്തു താമസിക്കുന്ന ആദിവാസികളുടെ സമ്മതം വാങ്ങിയിരുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ നേതാക്കളെ സമീപിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല. 20 വര്‍ഷത്തോളമായി ഇക്കാര്യത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ആദിവാസികളില്ലാതെ കാട് ഉണ്ടാവില്ലെന്നും മൃഗങ്ങളും പക്ഷികളും ആദിവാസികളും കാടിന്റെ അവിഭാജ്യ ഘടകമാണെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

