ബ്രഹ്മാവർ കാർഷിക ഗവേഷണ കേന്ദ്രം കാമ്പസിൽ മരം കൊള്ള
text_fieldsഎം.എൽ.എയും സംഘവും ഗവേഷണ കേന്ദ്രം പരിസരത്ത്
മംഗളൂരു: മരക്കടൈഡിലെ ബ്രഹ്മാവർ കാർഷിക ഗവേഷണ കേന്ദ്രം കാമ്പസിൽനിന്ന് അനധികൃതമായി മരംമുറിച്ച് വിൽപന നടത്തിയതായി പരാതി.സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തെങ്കിലും തുടർ നടപടികൾ വൈകുന്നതിൽ പ്രതിഷേധവുമായി ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ ശനിയാഴ്ച രംഗത്തെത്തി.ശാഖകൾ വെട്ടിമാറ്റുന്നതിന്റെ പേരിൽ 400 ഏക്കർ കാമ്പസിലെ നൂറുകണക്കിന് വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് അനധികൃതമായി കടത്തിയെന്നാണ് പരാതി.
തടി വിറ്റതിലൂടെ സർക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് ആരോപണം. അനധികൃത തടി കടത്തൽ സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് 20 ദിവസം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സീനിയർ ഫീൽഡ് സൂപ്പർവൈസർ ശങ്കറിനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
മുഴുവൻ അധികാരികൾക്കെതിരെയും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണം.ഉദ്യോഗസ്ഥർ സർക്കാർ സ്വത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് എം.എൽ.എ ആരോപിച്ചു. ഗവേഷണ സ്ഥാപന മറവിലെ വെള്ളാനകൾക്കെതിരെ പ്രദേശവാസികളും പ്രതിഷേധിച്ചു.പ്രശ്നം പുറത്തുവന്നപ്പോൾ കരാറുകാരന്റെ മേൽ കുറ്റം ചുമത്തി തലയൂരാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

