സ്ത്രീയുടെ മൃതദേഹവുമായി കാറിൽ സഞ്ചരിച്ച മൂന്നുപേർ പിടിയിൽ
text_fieldsമംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരക്ക് സമീപംകാറിൽ സ്ത്രീയുടെ മൃതദേഹവുമായി സഞ്ചരിച്ച മൂന്നുപേരെ വനം ഉദ്യോഗസ്ഥർ പിടികൂടി. മാൽദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്പോസ്റ്റിലെ വനം ഉദ്യോഗസ്ഥർ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ തടയുകയായിരുന്നു. കാറിലെ സ്ത്രീ ഉറങ്ങുകയാണെന്നാണ് യാത്രക്കാർ അവകാശപ്പെട്ടത്.
സംശയാസ്പദ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട് യാത്രക്കാരോട് പരിശോധനക്കായി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. കാറിൽ ഹരിയാന സ്വദേശിനിയായ നങ്കിദേവി (45) ഉറങ്ങുകയല്ല, മരിച്ച നിലയിലാണെന്ന് കണ്ടെത്തി.
മൈസൂരുവിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയാണവർ. കാറിലുണ്ടായിരുന്നവരുടെ മൊഴികൾ പരസ്പരവിരുദ്ധമായതോടെ വനം ഉദ്യോഗസ്ഥർ സിദ്ധാപുര പൊലീസിൽ വിവരം അറിയിച്ചു. സബ് ഇൻസ്പെക്ടർ മഞ്ജുനാഥ് സ്ഥലത്തെത്തി മൂന്നുപേരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
പൊലീസ് അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സിദ്ധാപുര സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. സ്ത്രീ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതാണോ കൊല ചെയ്യപ്പെട്ടതാണോ അതോ മറ്റേതെങ്കിലും ക്രിമിനൽ പ്രവൃത്തിയുടെ ഇരയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

