ശമ്പളം കൂട്ടിയിട്ടും സമരം പിൻവലിക്കില്ലെന്ന് ട്രാൻസ്പോര്‍ട്ട് ജീവനക്കാര്‍
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശമ്പളവർധന പ്രഖ്യാപിച്ചുവെങ്കിലും മാർച്ച് 21 മുതല്‍ തുടങ്ങുന്ന അനിശ്ചിതകാല സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ട്രാൻസ്പോര്‍ട്ട് ജീവനക്കാർ. 15 ശതമാനം ശമ്പളവര്‍ധനയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് സ്വീകാര്യമല്ലെന്നും 20 ശതമാനത്തില്‍ കുറഞ്ഞ ശമ്പള വര്‍ധന സ്വീകരിക്കില്ലെന്നും സമരം നടത്തുമെന്നും കര്‍ണാടക ആര്.ടി.സി ജോ. ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
ശമ്പളവര്‍ധനക്കു പുറമെ, കഴിഞ്ഞവര്‍ഷം നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരായ അച്ചടക്കനടപടികള്‍ പിന്‍വലിക്കണം. ജോലിസമയം ക്രമീകരിക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളും ജീവനക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ഉറപ്പുമുണ്ടായിട്ടില്ല.
ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാല്‍ ഏകപക്ഷീയമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് ജനാധിപത്യ രീതിയല്ല.
വ്യാഴാഴ്ചയാണ് കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോര്‍പറേഷനിലെയും (കെ.പി.ടി.സി.എല്‍), വൈദ്യുതി വിതരണ കമ്പനികളിലെയും ജീവനക്കാരുടെ ശമ്പളം 20 ശതമാനവും ട്രാൻസ്പോര്‍ട്ട് ജീവനക്കാരുടെ ശമ്പളം 15 ശതമാനവും വര്‍ധിപ്പിച്ചത്. ഇതോടെ കെ.പി.ടി.സി.എല്‍, വൈദ്യുതിവിതരണ കമ്പനികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചിരുന്നു.