എം.എൽ.എയുടെ ശിപാർശയിൽ സ്ഥലംമാറ്റം ദുർബലമല്ല -കർണാടക ഹൈകോടതി
text_fieldsബംഗളൂരു: എം.എൽ.എയുടെ നിർദേശപ്രകാരമോ ശിപാർശയിലോ ഉള്ള സ്ഥലംമാറ്റം ആ നടപടിയെ ദുർബലപ്പെടുത്തില്ലെന്ന് കർണാടക ഹൈകോടതി നിരീക്ഷിച്ചു. കോലാർ ജില്ലയിൽ ബംഗാർപേട്ട് താലൂക്കിലെ ഗ്രേഡ്-ഒന്ന് തഹസിൽദാർ എസ്. വെങ്കിടേശപ്പ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എസ്.ജി. പണ്ഡിറ്റ്, കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2024 ജൂലൈ 31ന് വെങ്കിടേശപ്പയെ സ്ഥലം മാറ്റി ബംഗാർപേട്ടിലെ തഹസിൽദാറായി നിയമിച്ചു.
അതേവർഷം ഡിസംബർ 31ന് അദ്ദേഹത്തെ കോലാർ ഡിസി ഓഫിസിലേക്ക് മാറ്റി, പകരം മറ്റൊരു ഉദ്യോഗസ്ഥനെ ബംഗാർപേട്ടിലെ തഹസിൽദാറായി നിയമിച്ചു. ഈ സ്ഥലംമാറ്റത്തിനെതിരായ തന്റെ ഹരജി ബംഗളൂരുവിലെ കർണാടക സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളിയതിനെത്തുടർന്ന് വെങ്കിടേശപ്പ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
2024 ജൂലൈ 31 മുതൽ ബംഗാർപേട്ടിൽ മാത്രമാണ് താൻ നിയമിതനായതെന്നും സ്ഥലംമാറ്റ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും വെങ്കിടേശപ്പ വാദിച്ചു. ഗ്രൂപ് എ ഓഫിസർ എന്ന നിലയിൽ ആ തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ സേവന കാലാവധിക്ക് അദ്ദേഹത്തിന് അർഹതയുണ്ടെന്നും വാദിച്ചു. തന്റെ സ്ഥലംമാറ്റം പൊതുജനങ്ങളുടെ താൽപര്യപ്രകാരമല്ല, മറിച്ച് പ്രാദേശിക എം.എൽ.എയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുഹമ്മദ് മസൂദ് അഹമ്മദ് വേഴ്സസ് യു.പി സംസ്ഥാന കേസ് ഡിവിഷൻ ബെഞ്ച് റഫർ ചെയ്തു. അതിൽ ഒരു എം.എൽ.എയുടെ ശിപാർശയിലുള്ള സ്ഥലംമാറ്റം സ്ഥലംമാറ്റത്തെ അസാധുവാക്കില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. സ്ഥലംമാറ്റം അകാലമായിരുന്നെങ്കിലും ഹരജിക്കാരൻ കൃത്യസമയത്ത് ഓഫിസിൽ എത്തുന്നില്ലെന്നും പൊതുജനങ്ങളുടെ പരാതികൾക്ക് മറുപടി നൽകുന്നില്ലെന്നും വ്യക്തമാക്കി എം.എൽ.എ സ്ഥലംമാറ്റം ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് അയച്ച കത്ത് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജനങ്ങൾ തങ്ങളുടെ പ്രതിനിധിക്കു മുന്നിൽ പരാതികൾ ഉന്നയിക്കുമ്പോൾ അത്തരം സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് അഭ്യർഥിക്കേണ്ടത് ജനപ്രതിനിധിയുടെ കടമയാണെന്നും അത്തരം സർക്കാർ ജീവനക്കാരെ സ്ഥലംമാറ്റേണ്ടത് സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
‘എം.എൽ.എയുടെ ശിപാർശ പ്രകാരമുള്ള സ്ഥലംമാറ്റം മാത്രം സ്ഥലംമാറ്റത്തെ ദുർബലപ്പെടുത്തില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ, ട്രൈബ്യൂണൽ പാസാക്കിയ ഉത്തരവിൽ ഒരു പിശകോ നിയമവിരുദ്ധമോ ഞങ്ങൾ കണ്ടെത്തിയില്ല. മാത്രമല്ല, 25.06.2024ലെ സ്ഥലംമാറ്റ മാർഗനിർദേശങ്ങളുടെ ക്ലോസ്-5 (3) പ്രകാരം, പ്രത്യേകമായ അല്ലെങ്കിൽ അസാധാരണമായ കാരണങ്ങളാൽ, മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയുള്ള സ്ഥലംമാറ്റം അനുവദനീയമാണ്’ -ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

