ഡിജിറ്റൽ തട്ടിപ്പിൽ പരിശീലനം; 16 പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: എച്ച്.എസ്.ആർ ലേ ഔട്ടിൽ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് എന്ന വ്യാജേന ഡിജിറ്റൽ തട്ടിപ്പ് നടത്തിയ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സൈബിറ്റ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള സ്ഥാപനമാണ് തട്ടിപ്പിന് പിറകിൽ.
സ്ഥാപനം 20-25 വയസ്സുള്ള യുവതീയുവാക്കളെ റിക്രൂട്ട് ചെയ്ത് ഓൺലൈനായി ഡിജിറ്റൽ തട്ടിപ്പ് എങ്ങനെ നടത്താമെന്ന് പരിശീലനം നൽകി അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളെയടക്കം ഡിജിറ്റൽ തട്ടിപ്പിനിരയാക്കി. തട്ടിപ്പിൽ ഉൾപ്പെട്ട പ്രതികളെ മുഴുവൻ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഫോൺ വിളിയിലൂടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. തങ്ങൾ പൊലീസ് ഉദ്യോഗസ്ഥരോ അന്വേഷണ ഏജൻസിയിൽ നിന്നുള്ളവരോ ആണെന്ന് പറഞ്ഞു ഫലിപ്പിക്കുന്നു.
അറസ്റ്റ് വാറന്റ്, നിയമപരമായ നോട്ടീസുകൾ, ഔദ്യേഗിക രേഖകൾ എന്നിവ മെയിൽ മുഖേനയോ വാട്സ് ആപ് മുഖേനയോ അയക്കും. കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത്, അല്ലെങ്കിൽ സൈബർ കുറ്റകൃത്യം എന്നിവയാണ് പൊതുവേ ആരോപിക്കുന്ന കുറ്റങ്ങൾ. സി.ബി.ഐ, ഇ.ഡി, എൻ.സി.ബി പോലുള്ള കേന്ദ്ര ഏജൻസികളോടുള്ള ഭയം മൂലമാണ് ആളുകൾ പലപ്പോഴും ഇത്തരം തട്ടിപ്പുകളിൽ ചെന്നു ചാടുന്നത്. തുടർന്ന് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റും. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

