ബംഗളൂരുവിൽ കനത്ത മഴയിൽ ഗതാഗതം തടസ്സപ്പെട്ടു
text_fieldsബംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയിൽ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന ഇരുചക്ര വാഹന യാത്രികൻ
ബംഗളൂരു: വ്യാഴാഴ്ച പകൽ ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത വേനൽ മഴയിൽ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. വേനൽച്ചൂടിന് ആശ്വാസമേകിയെത്തിയ മഴ മണിക്കൂറുകളോളം തുടർന്നു. മെജസ്റ്റിക്, വിധാൻസൗധ, ശാന്തിനഗർ, മല്ലേശ്വരം, ഫ്രീഡം പാർക്ക്, റീച്ച്മോണ്ട് സർക്കിൾ, ടൗൺഹാൾ, ലാൽ ബാഗ്, കോർപറേഷൻ സർക്കിൾ, എസ്.ബി.എം ജങ്ഷൻ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ടുയർന്നു. അടിപ്പാതകളിലും വെള്ളം കയറി. മാലിന്യവും മറ്റും റോഡിലേക്കൊഴുകി. ഇരുചക്ര വാഹന യാത്രികർ ശരിക്കും പെട്ടു. മേൽപാലങ്ങളുടെ അടിയിലും മറ്റുമാണ് ഇരുചക്ര വാഹനക്കാർ അഭയം തേടിയത്.
മഹാദേവപുര മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയിലായിരുന്നു മഴയെത്തിയത്. രാജാജി നഗറിൽ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി. ഇതോടെ മേഖലയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. ബി.ബി.എം.പി, ബെസ്കോം ജീവനക്കാർ എത്തി മരങ്ങളും വൈദ്യുതി തൂണുകളും മാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചന പ്രകാരം രണ്ടു ദിവസംകൂടി ബംഗളൂരുവിൽ മഴ തുടരും. തീരദേശ മേഖലയിലടക്കം അടുത്ത നാലു ദിവസം കനത്ത മഴ ലഭിക്കും.
ബംഗളൂരു ഉൾപ്പെടെ 25 ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗളൂരുവിന് പുറമെ, രാമനഗര, മൈസൂരു, തുമകൂരു, ശിവമൊഗ്ഗ, വിജയനഗര്‍, മാണ്ഡ്യ, കോലാര്‍, കുടക് ഹാസന്, ദാവൻഗരെ, ചിത്രദുര്‍ഗ, ചിക്കമഗളൂരു, ചിക്കബല്ലാപുര, ചാമരാജ് നഗര്‍, ബംഗളൂരു റൂറല്‍, വിജയപുര, ഹാവേരി, ഗദക്, ധാര്‍വാഡ്, ബെളഗാവി, ബാഗല്‍കോട്ട്, ഉത്തര കന്നട, ദക്ഷിണ കന്നട, ഉടുപ്പി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ കര്‍ണാടകയില്‍ വെള്ളിയാഴ്ച വ്യാപകമായ മഴക്കും സാധ്യതയുണ്ട്. അതേസമയം, ബിദാർ, കൊപ്പൽ, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

