ദുബാരെ ആന ക്യാമ്പിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്
text_fieldsബംഗളൂരു: കുടക് ജില്ലയിൽ കനത്ത മഴയും നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ, പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ദുബാരെ ആന ക്യാമ്പിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം വിലക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് മടിക്കേരി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ശക്തമായ കാറ്റിനൊപ്പം പെയ്യുന്ന മഴയെ തുടർന്ന് മരങ്ങൾ കടപുഴകുകയും റോഡുകൾ തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.
കാവേരി നദിയിലെ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ ക്യാമ്പിലേക്കുള്ള ബോട്ട് യാത്ര അപകടം നിറഞ്ഞതായി. വിനോദസഞ്ചാരികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തൽക്കാലത്തേക്ക് ആനക്യാമ്പിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയത്. കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദുബാരെ ആന ക്യാമ്പ് കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
വാർഷിക മൈസൂരു ദസറ ഘോഷയാത്രക്കായി പരിശീലനം ലഭിച്ച ആനകൾ ഉൾപ്പെടെ നിരവധി ആനകളുടെ കേന്ദ്രമാണിത്. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ വിനോദസഞ്ചാരികൾ ഈ പ്രദേശം ഒഴിവാക്കണമെന്നും സുരക്ഷ മാർഗനിർദേശങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. മഴയുടെ അളവും നദിയുടെ ഒഴുക്കിന്റെ സാഹചര്യവും പരിശോധിച്ച് അപകടനില ഒഴിവായാൽ സന്ദർശക വിലക്ക് പിൻവലിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

