ടോംടോം സൂചിക റിപ്പോര്‍ട്ട്; ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരം ബംഗളൂരു
text_fieldsബംഗളൂരു: നഗരങ്ങളിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് പഠനം നടത്തുന്ന ആഗോള റിപ്പോർട്ടായ ടോംടോം ട്രാഫിക് ഇൻഡക്സ് പ്രകാരം 2025ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി ബംഗളൂരു. ജി.പി.എസ് ഡേറ്റ ഉപയോഗിച്ചാണ് ടോംടോം കണക്കുകൾ തയാറാക്കുന്നത്. ലണ്ടൻ, മെക്സികോ സിറ്റി എന്നിവ ഒന്നും മൂന്നും സ്ഥാനത്താണ്. 10 കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന ശരാശരി സമയം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ബംഗളൂരു നഗരത്തിനുള്ളിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും എടുക്കുന്നു. കൂടാതെ റിപ്പോർട്ട് പ്രകാരം ആഴ്ചയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് വെള്ളിയാഴ്ചകളിൽ വൈകുന്നേരം ആറിനും ഏഴിനും ഇടയിലാണ്. ഗതാഗതക്കുരുക്ക് കാരണം ഒരു ബംഗളൂരു നിവാസിക്ക് വർഷത്തിൽ ശരാശരി 130 മണിക്കൂറിലധികം സമയം നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്.
തിരക്കുള്ള സമയങ്ങളിൽ നഗരത്തിലെ ശരാശരി വേഗത മണിക്കൂറിൽ 18 മുതല്‍ 20 കിലോമീറ്റർ മാത്രമാണ്. ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾ കൂടുതൽ സമയം റോഡിൽ കിടക്കുന്നതിനാൽ ഇന്ധനച്ചെലവും അന്തരീക്ഷ മലിനീകരണവും വന്‍ തോതിൽ വർധിക്കുന്നു. വർഷത്തിൽ ഓരോ ഡ്രൈവർമാര്‍ക്കും ശരാശരി 132 മണിക്കൂർ, യാത്രക്കുവേണ്ടി അധികമായി നഷ്ടപ്പെടുന്നു.
ഇതുമൂലം വർഷത്തിൽ ശരാശരി 10,000ത്തിനും 15,000നും ഇടയിൽ തുക ഇന്ധനത്തിനായി മാത്രം അധികമായി ചെലവാകുകയും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു. 2023ൽ ആറാം സ്ഥാനത്തും 2024ൽ മൂന്നാം സ്ഥാനത്തുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

