ഏപ്രിൽ ഒന്നു മുതൽ മൈസൂരു-ബംഗളൂരു ദേശീയപാത-275ലെ ടോൾ പ്ലാസകൾ പണരഹിതം
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാത-275ലെ ടോൾ പ്ലാസകൾ ഏപ്രിൽ ഒന്നു മുതൽ പൂർണമായും പണരഹിതമാകും. ഫാസ്റ്റ് ടാഗ് അല്ലെങ്കിൽ യൂനിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യു.പി.ഐ) വഴി മാത്രമേ പേമെന്‍റുകള്‍ സ്വീകരിക്കുകയുള്ളൂ. രാജ്യത്തുടനീളമുള്ള എല്ലാ നാഷനൽ ഹൈവേയിലെ ടോള്‍ പ്ലാസകളിലും ഏപ്രിൽ ഒന്നു മുതൽ പണമിടപാടുകൾ നിർത്തലാക്കുന്നത് പരിഗണിക്കുന്നതായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) പ്രഖ്യാപിച്ചിരുന്നു.
മൈസൂരു-ബംഗളൂരു ഹൈവേയിലെ മൂന്ന് ടോൾ പ്ലാസകളിലെ 99 ശതമനം ഇടപാടുകളും ഫാസ്റ്റ് ടാഗും യു.പി.ഐയും വഴിയാണ് നിലവില്‍ നടക്കുന്നത്. ബംഗളൂരു സൗത്തിലെ ബിദദിക്കടുത്തുള്ള കണിമിനിക്കിലും രാമനഗരയിലെ ശേഷഗിരിഹള്ളിയിലും നിദഘട്ട-മൈസൂർ സെക്ഷനിൽ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ഗാനംഗുരുവിലുമാണ് നിലവില്‍ ടോൾ പ്ലാസകള്‍ ഉള്ളത്.
ടോൾ പ്ലാസ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കം. കൂടാതെ യാത്ര സൗകര്യം വർധിപ്പിക്കുന്നതിനും തിരക്ക് കുറക്കുന്നതിനും നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഭൂരിഭാഗം ടോൾ പേമെന്‍റുകളും വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ആര്‍.എഫ്.ഐ.ഡി മുഖേനയാണ് നടക്കുന്നത്.
യാത്രക്കാർക്ക് നേരിട്ടുള്ള ഡിജിറ്റൽ പേമെന്‍റ് ചെയ്യാനുള്ള സൗകര്യവും യു.പി.ഐ സൗകര്യങ്ങളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഫാസ്റ്റ് ടാഗ് വഴിയല്ലാതെ പണമിടപാട് നടത്തുമ്പോള്‍ യഥാർഥ തുകയുടെ ഇരട്ടി പണം നല്‍കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

