ചാമരാജ നഗറിലെ ക്വാറിയിൽ പുലിയുടെ ജഡം; വിഷം നൽകി കൊന്നതെന്ന് സംശയം
text_fieldsബംഗളൂരു: ചാമരാജനഗർ മലമഹാദേശ്വര ഹിൽസിലെ മീന്യം വനപ്രദേശത്ത് അഞ്ചു കടുവകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പെ ചാമരാജനഗറിലെ ക്വാറിയിൽ പുലിയുടെ ജഡം കണ്ടെത്തി. കോത്തലവാടി കരിക്കല്ല് ക്വാറിയിൽ ഏകദേശം അഞ്ചുമുതൽ ആറു വയസ്സുള്ള പുലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് രണ്ട് മൂന്ന് ദിവസം മുമ്പ് മരിച്ചിരിക്കാമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. സമീപത്ത് ചത്ത പശുക്കുട്ടിയെയും നായെയും കണ്ടെത്തിയിട്ടുണ്ട്. പുലിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതായാണ് വനംവകുപ്പിന്റെ സംശയം. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. തുടർന്ന്, ബന്ദിപൂർ വന്യജീവി സങ്കേതത്തിൽനിന്നുള്ള പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ക്വാറിയിലെത്തിച്ച് വിശദമായ പരിശോധന നടത്തി. വെറ്ററിനറി സർജന്മാരായ ഡോ. വസിം, ഡോ. മുരളി എന്നിവർ പോസ്റ്റുമോർട്ടം നടത്തിയശേഷം പുലിയുടെ ജഡം സംസ്കരിച്ചു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2023 ഡിസംബറിൽ ഇതേ കരിങ്കല്ല് ക്വാറിക്ക് സമീപം രണ്ട് പുലികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അന്നും പൂർണമായി അഴുകിയ നിലയിൽ പുലികളെ കണ്ടെത്തിയതും മരണകാരണം വ്യക്തമായില്ലാത്തതും ഈ പ്രദേശത്തെ വന്യജീവി മരണങ്ങളിൽ കൂടുതല്‍ ദുരൂഹതക്ക് ഇടയാക്കുന്നു.
ഉയർന്ന ഉദ്യോഗസ്ഥരായ സി.സി.എഫ് ഹിരാലാൽ, ബി.ആർ.ടി. ടൈഗർ പ്രോജക്ട് ഡയറക്ടർ ശ്രീപതി, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് മഞ്ജുനാഥ്, ആർ.എഫ്.ഒ സന്ദീപ്, ഡി.ആർ.എഫ്.എസ് അമർനാഥ്, സുരേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

