തീർഥാടകനെ കൊന്ന പുലിയെ പിടികൂടി
text_fieldsമംഗളൂരു: ബുധനാഴ്ച അർധരാത്രി മാലെ മഹാദേശ്വര കുന്നുകളുടെ താഴ്‌വരയിലെ താലു ബെട്ടക്ക് സമീപം പദയാത്രക്കിടെ തീർഥാടകൻ മാണ്ഡ്യ ചീരനഹള്ളി സ്വദേശി പ്രവീണിനെ (30) ആക്രമിച്ച് കൊലപ്പെടുത്തിയ മൂന്ന് വയസ്സുള്ള പുലിയെ വനം ഉദ്യോഗസ്ഥർ പിടികൂടി. രംഗസ്വാമി വഡ്ഡുവിനടുത്ത് വനംവകുപ്പ് സ്ഥാപിച്ച വലിയ കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു.
പ്രവീണും സുഹൃത്തുക്കളും കാൽനടയായി പോകുമ്പോൾ പുലി പ്രവീണിനെ ആക്രമിച്ച് കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എം.എം ഹിൽസ് പൊലീസ് വനമേഖലയിൽ നടത്തിയ തിരച്ചിലിൽ പിറ്റേന്ന് രാവിലെ 11 മണിയോടെ പ്രവീണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തെത്തുടർന്ന്, ഭക്തരും ഗ്രാമവാസികളും കർഷകരും പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുൻകരുതൽ നടപടിയായി ജനുവരി 24 വരെ ഇരുചക്ര വാഹന യാത്രക്കാർക്കും പദയാത്രക്കും നിരോധനം ഏർപ്പെടുത്താൻ ചാമരാജനഗർ ഡിസി ശ്രീരൂപയും അഡീഷനൽ ഡി.സി ടി. ജാവരെഗൗഡയും ഉത്തരവിട്ടിരുന്നു.
പുലിയെ പിടികൂടുന്നതിനായി 50ലധികം വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിക്കുകയും രണ്ട് കെണിക്കൂടുകൾ സ്ഥാപിക്കുകയും ചെയ്തു. ചാമരാജനഗറിൽ നിന്നുള്ള ഡ്രോൺ കാമറകൾ പ്രവർത്തിപ്പിക്കുന്ന സംഘം, മൈസൂരുവിൽനിന്നുള്ള ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ, വെറ്ററിനറി സർജൻ ഡോ. ആദർശ് എന്നിവർ തിരച്ചിലിൽ പങ്കെടുത്തു. പുലിയുടെ ആരോഗ്യം നിരീക്ഷിച്ചുവരുകയാണെന്ന് മാലെ മഹാദേശ്വര വന്യജീവി സങ്കേതം ഡി.സി.എഫ് ഭാസ്‌കർ പറഞ്ഞു. പുലിയെ മൈസൂരു കൂർഗള്ളിയിലെ ചാമുണ്ടി വന്യജീവി രക്ഷാ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

