തെരുവുകച്ചവടക്കാർക്കെതിരെ ടൈഗർ ഓപറേഷൻ; പ്രതിഷേധം
text_fieldsമംഗളൂരു: തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി മംഗളൂരു സിറ്റി കോർപറേഷൻ വീണ്ടും ‘ടൈഗർ ഓപറേഷൻ’ ആരംഭിച്ചു. നടപ്പാത കൈയേറ്റങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്നതായി പൊതുജന പരാതികൾ വർധിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. ഏതാനും മാസങ്ങൾ മുമ്പ് സമാനമായ നീക്കം വിവിധ കോണുകളിൽനിന്ന് പ്രതിഷേധങ്ങൾക്കും ശക്തമായ എതിർപ്പുകൾക്കും കാരണമായിരുന്നു.
അതേസമയം, ഉപജീവനം തേടുന്നവരെ വേട്ടയാടുന്ന കോർപറേഷൻ നഗരത്തിലുടനീളം അനധികൃത ബാനറുകൾ, കൂറ്റൻ ബോർഡുകൾ, ഫ്ലക്സുകൾ എന്നിവ സ്ഥാപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരുവുകച്ചവടക്കാർ പറഞ്ഞു. ഇവ കാഴ്ചയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുക മാത്രമല്ല പ്രത്യേകിച്ച് ഡിവൈഡറുകളിലും പ്രധാന ജങ്ഷനുകളിലും എതിരെ വരുന്ന വാഹനങ്ങളുടെ ദൃശ്യപരത തടസ്സപ്പെടുത്തുന്നതിലൂടെ റോഡ് സുരക്ഷക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ജനപ്രതിനിധികൾ സൃഷ്ടിക്കുന്ന തടസ്സങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും വളരെ ശ്രദ്ധയോടെ വ്യാപാരം നടത്തുന്ന പാവങ്ങളെ ദ്രോഹിക്കുകയുമാണ് നഗരസഭ അധികൃതർ ചെയ്യുന്നതെന്ന് തെരുവുകച്ചവടക്കാർ ആരോപിച്ചു. ഡി.വൈ.എഫ്.ഐയും മറ്റു ഗ്രൂപ്പുകളും എം.സി.സിയുടെ നടപടികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ഭരണകൂടം ദുർബലരെ അനുപാതമില്ലാതെ ലക്ഷ്യമിടുന്നുവെന്ന് ഇവർ ആരോപിച്ചു.
പൊതു ഇടങ്ങൾ തിരിച്ചുപിടിക്കാനും പൗരസമാധാനം നിലനിർത്താനുമുള്ള എം.സി.സിയുടെ ശ്രമങ്ങൾ പ്രശംസനീയമാണെങ്കിലും നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പ്രകടമായ പൊരുത്തക്കേട് പൊതുജനങ്ങൾ പൊറുക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

