കടുവ സംരക്ഷണ പദ്ധതിക്ക് അരനൂറ്റാണ്ട്
text_fieldsബംഗളൂരു: രാജ്യത്തിന്റെ കടുവ സംരക്ഷണ പദ്ധതി അരനൂറ്റാണ്ട് പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി മൂന്നു ദിവസത്തെ പരിപാടി ഏപ്രിൽ ഒമ്പതിന് മൈസൂരുവിൽ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 1973 ഏപ്രിൽ ഒന്നിനാണ് കടുവ സംരക്ഷണത്തിനായി ‘പ്രോജക്ട് ടൈഗർ’ പദ്ധതിക്ക് തുടക്കമിട്ടത്.
ബന്ദിപ്പുർ, നാഗർഹോളെ, മലൈ മഹാദേശ്വര, ബിലിഗിരി രംഗനാഥ, കെ. ഗുഡി എന്നീ കടുവാസങ്കേതങ്ങളുടെ സാമീപ്യമാണ് പരിപാടിയുടെ വേദിയായി മൈസൂരുവിനെ തിരഞ്ഞെടുത്തത്. കടുവ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിനു മുമ്പാകെ പ്രദർശിപ്പിക്കുക എന്നതാണ് മൂന്നു ദിവസത്തെ പരിപാടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ദേശീയ കടുവ സെൻസസ് റിപ്പോർട്ട് ഈ ചടങ്ങിൽ പ്രധാനമന്ത്രി പുറത്തുവിടും. കൂടാതെ സ്മാരക നാണയവും പുറത്തിറക്കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി മെംബർ സെക്രട്ടറി എസ്.പി. യാദവ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും വനം മന്ത്രിമാർ, കടുവകളുള്ള വിദേശരാജ്യങ്ങളിലെ മന്ത്രിമാർ, ശാസ്ത്രജ്ഞർ, പ്രധാന അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മൈസൂരു സർവകലാശാലയിലെ സെനറ്റ് ഹാളിലോ കർണാടക സംസ്ഥാന ഓപൺ സർവകലാശാലയിലെ ബിരുദദാന ഹാളിലോ ആയിരിക്കും പ്രധാനമന്ത്രിയുടെ പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

