കർണാടകയിൽ കടുവ സെന്‍സസ് ആരംഭിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ കടുവ സെന്‍സസ് ആരംഭിച്ചു. അഞ്ച് കടുവ സംരക്ഷണ കേന്ദ്രങ്ങൾ, 36 വന്യജീവി സങ്കേതങ്ങൾ, കടുവകളുടെ സഞ്ചാരം രേഖപ്പെടുത്തിയ 12 വനം ഡിവിഷനുകൾ എന്നിവിടങ്ങളിലാണ് സെന്‍സസ് നടക്കുക.
ഇന്ത്യയിലെ 53 കടുവ സംരക്ഷണ കേന്ദ്രങ്ങളിലായി നാലു വർഷത്തിലൊരിക്കൽ നടത്തുന്ന സെന്‍സസ് മുഖേന രാജ്യത്തെ കടുവകളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താന്‍ സാധിക്കും. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ, ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബി.ആർ.ടി), ഭദ്ര, കാളി കടുവ സംരക്ഷണ കേന്ദ്രങ്ങൾ, മാലെ മഹാദേശ്വര, കാവേരി വന്യജീവി സങ്കേതങ്ങൾ എന്നിവ സെൻസസിൽ പെടും.
മൈസൂരു, ഹുൻസൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ വനം ഡിവിഷനുകളില്‍ സെന്‍സസ് ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷം സംസ്ഥാന വനം വകുപ്പ് 3,212 ബീറ്റുകളിലായി 6,512 സ്ഥലങ്ങളിലായി 13,024 കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം കൃത്യമായ ഡേറ്റ ലഭിക്കും.
തമിഴ്‌നാട്ടിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലെ ദേശീയ കടുവ അതോറിറ്റിയില്‍ നിന്നു പരിശീലനം ലഭിച്ച 480ലധികം ജീവനക്കാർ പങ്കെടുക്കും. മൂന്ന് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക.
ജനുവരി അഞ്ച് മുതൽ ജനുവരി ഏഴ് വരെയുള്ള ആദ്യ ഘട്ടത്തിൽ മൂന്ന് മുതൽ നാല് വരെ അംഗങ്ങളുള്ള സംഘം എല്ലാ ദിവസവും രാവിലെ അഞ്ച് കിലോമീറ്റർ ദൂരം നടന്ന് കടുവകൾ, മറ്റ് വന്യജീവികൾ, സസ്യങ്ങൾ, മരങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ രേഖപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ ജീവനക്കാർ മൂന്ന് ദിവസങ്ങളിലായി ദിവസത്തിൽ രണ്ടുതവണ രണ്ട് കിലോമീറ്റർ ട്രാൻസെക്റ്റ് ലൈനുകള്‍ അടയാളപ്പെടുത്തും.
ഇവയുടെ 400 മീറ്റർ പരിധിക്കുള്ളിലെ വിരലടയാളം, കാഷ്ഠം എന്നിവ രേഖപ്പെടുത്തും. മൂന്നാം ഘട്ടത്തില്‍ മൃഗങ്ങളെ തിരിച്ചറിയുന്നതിനും റെക്കോഡ് ചെയ്യുന്നതിനുമായി കാമറ പരിശോധിച്ചു ചിത്രങ്ങൾ വിശകലനം ചെയ്യും. അഖിലേന്ത്യ കടുവ സെൻസസ് മാർച്ച് 26 വരെ ഒന്നിലധികം ഘട്ടങ്ങളിലായി തുടരും.
എം-സ്ട്രൈപ്സ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കൃത്യമായ ഡേറ്റ രേഖപ്പെടുത്താൻ ജീവനക്കാർക്ക് നിർദേശം നൽകുകയും പരിശീലനം നൽകുകയും ചെയ്തിട്ടുണ്ടെന്ന് പ്രോജക്ട് ടൈഗർ ഡയറക്ടറും സെൻസസിന്‍റെ നോഡൽ ഓഫിസറുമായ ഡോ. പി. രമേശ് കുമാർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

