വൃന്ദാവൻ ഗാർഡനിൽ വീണ്ടും പുലി; സന്ദർശകർക്ക് നിയന്ത്രണം
text_fieldsകഴിഞ്ഞയാഴ്ച വൃന്ദാവൻ ഗാർഡനിൽ പുലിയെ കണ്ടെത്തിയപ്പോൾ
ബംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ് ഡാം പരിസരത്ത് വൃന്ദാവൻ ഗാർഡനിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് ആറിനും രാത്രി പത്തോടെയുമാണ് പുലിയെ കണ്ടത്. ഇതോടെ ശനിയാഴ്ച വൃന്ദാവൻ ഗാർഡനിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
വെള്ളിയാഴ്ച വൈകീട്ട് ആറിന് വൃന്ദാവൻ റോഡ് നോർത്ത് ഗേറ്റിന് സമീപം കെ.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സന്തോഷാണ് ആദ്യം പുലിയെ കണ്ടത്. ഇതോടെ ഇദ്ദേഹം കാവേരി നിഗം ലിമിറ്റഡ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഗാർഡനിലെ മുഴുവൻ വെളിച്ചവും അണച്ച് സന്ദർശകരെ മുഴുവൻ പുറത്തെത്തിച്ചു. വനംവകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് രാത്രി പത്തോടെ ജീവനക്കാരെത്തി പരിശോധനക്കിടെ നോർത്ത് ഗേറ്റിന് സമീപം ചെടികൾക്കിടയിൽ പുലിയെ വീണ്ടും കണ്ടു.
വനംവകുപ്പ് ജീവനക്കാരുടെ ടോർച്ചിന്റെ വെളിച്ചം കണ്ടതോടെ ചെടികൾക്കിടയിൽനിന്ന് പുലി പുറത്തുചാടി. കെ.ഐ.എസ്.എഫ് സുരക്ഷ ജീവനക്കാരും വനംവകുപ്പ് ജീവനക്കാരും ഇതോടെ ജീപ്പിനടുത്തേക്ക് ഓടി. അൽപസമയം കഴിഞ്ഞതോടെ പുലി ഇരുട്ടിൽ മറഞ്ഞു. ഈ ഭാഗത്ത് സി.സി.ടി.വി കാമറകളില്ലാതിരുന്നതും മറ്റു ഭാഗങ്ങളിലെ കാമറകളിൽ പലതും പ്രവർത്തനക്ഷമമല്ലാതിരുന്നതും പുലിയെ കണ്ടെത്തുന്നതിൽ തിരിച്ചടിയായി. പുലിയെ പിടികൂടാൻ കെണിയുമായി കൂട് സ്ഥാപിക്കാനാണ് തീരുമാനം.
കഴിഞ്ഞയാഴ്ച ഗാർഡനിൽ പ്രത്യക്ഷപ്പെട്ട പുലി വിശ്വേശ്വരയ്യ കനാലിന്റെ ഭാഗത്തേക്ക് ഓടിപ്പോയിരുന്നു. പുലിയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പുലിയുടെ സാന്നിധ്യമില്ലെന്ന് കരുതിയാണ് വൃന്ദാവൻ ഗാർഡൻ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

