ഉഡുപ്പിയിൽ ബോട്ടപകടത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു
text_fieldsസിന്ധു, ശങ്കരപ്പ, ദിശ
മംഗളൂരു: ഉഡുപ്പി കോഡിബെൻഗ്രെ ബീച്ചിന് സമീപം ബോട്ട് അപകടത്തിൽ മൂന്നു വിനോദസഞ്ചാരികൾ മരിച്ചു. മൈസൂരു ജില്ലയിലെ സരസ്വതിപുരം സ്വദേശികളായ ശങ്കരപ്പ (22), സിന്ധു (23), ദിശ (26) എന്നിവരാണ് മരിച്ചത്. ധർമരാജ് (26) ആശുപത്രിയിൽ ചികിത്സയിലാണ്. മൈസൂരുവിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന നാലുപേരും ഒരുമിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. വിനോദയാത്രക്കായി ഉഡുപ്പിയിൽ എത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ അംഗങ്ങളാണ്.
കോഡിബെൻഗ്രെ ഡെൽറ്റ ബീച്ചിൽനിന്ന് കടൽയാത്രക്കായി ഇവർ കയറിയ ടൂറിസ്റ്റ് ബോട്ട് നദി-കടൽ സംഗമസ്ഥാനമായ ഹംഗരകട്ട കപ്പൽ നിർമാണ മേഖലക്ക് സമീപം പെട്ടെന്ന് മറിയുകയായിരുന്നു. 14 യാത്രക്കാരും വെള്ളത്തിലേക്ക് തെറിച്ചുവീണു. അവരിൽ കുറച്ചുപേർ മാത്രമേ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ എന്നാണ് വിവരം.
സമീപത്തുള്ള ബോട്ട് ഓപറേറ്റർമാരും നാട്ടുകാരും സ്ഥലത്തെത്തി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികളിൽ നാലുപേരുടെ നില ഗുരുതരമായതിനാൽ അവരെ ഉടൻ ഉഡുപ്പിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകിയെങ്കിലും മൂന്നുപേർ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. മാൽപെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

