മൂന്നു ചെറുവിമാനത്താവളങ്ങൾ വരും
text_fieldsrepresentational image
ബംഗളൂരു: സംസ്ഥാനത്ത് ചെറുവിമാനത്താവളങ്ങളുടെ നിർമാണം ഉടൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ബംഗളൂരുവിൽ സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലക്കും വാണിജ്യമേഖലക്കും ഗുണകരമാകുന്ന പ്രദേശങ്ങളിലായിരിക്കും വിമാനത്താവളങ്ങൾ.
വിവിധ ജില്ലകളിൽ ഇതിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അന്തിമ പ്രഖ്യാപനം ഡിസംബറോടെ നടക്കും. ഓരോ വർഷവും ചുരുങ്ങിയത് മൂന്നു ചെറുവിമാനത്താവളങ്ങളെങ്കിലും നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടക്കൻ കർണാടകത്തിനാണ് വിമാനത്താവളം നിർമിക്കാനായി മുഖ്യപരിഗണന നൽകുന്നത്. ബംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വടക്കൻ കർണാടകത്തിലുള്ളവർക്ക് അതിവേഗത്തിൽ എത്തിപ്പെടാൻ പദ്ധതികൾ സഹായകമാകുമെന്നാണ് സർക്കാറിന്‍റെ കണക്കുകൂട്ടൽ.
ഇതോടൊപ്പം വടക്കൻ ജില്ലകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി ഏറെ ഗുണകരമാകും. നിലവിൽ വടക്കൻ ജില്ലകളിലെ യാത്രാസൗകര്യങ്ങളുടെ അപര്യാപ്ത ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തെ രണ്ടാംനിര നഗരങ്ങളുടെ വികസനത്തിനും വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനാണ് ഊന്നൽ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

