കവർച്ച കേസിൽ രണ്ട് ബംഗളൂരു സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
മംഗളൂരു: മുക്ക മിത്രപട്ടണയിൽ വീട് കൊള്ളയടിച്ച കേസിൽ മൂന്നുപേരെ മംഗളൂരു സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കൽ ഗുഡ്ഡേകോപ്ലയിലെ ശ്രീരാമ ഭജന മന്ദിരത്തിനു സമീപം താമസിക്കുന്ന ഷൈൻ എന്ന ഷൈൻ എച്ച് പുത്രൻ (21), ബംഗളൂരു യെലച്ചനഹള്ളി കാശിനഗർ അഞ്ചാം ക്രോസിൽ താമസിക്കുന്ന വിനോദ് കോതി എന്ന വിനോദ് കുമാർ (33), ബംഗളൂരു കനകപുര മെയിൻ റോഡിലെ ഉദിപാല്യയിൽ താമസിക്കുന്ന സൈക്കിൾ ഗിരി എന്ന ഗിരീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം മൂന്നിന് വയോധികയായ ജലജയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും പണവും കവർന്നു എന്നാണ് കേസ്.
പ്രതികളിൽനിന്ന് 4.43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ, മൂന്ന് മൊബൈൽ ഫോണുകൾ, 3000 രൂപ എന്നിവ പൊലീസ് കണ്ടെടുത്തു. സൂറത്ത്കൽ സബ് ഇൻസ്പെക്ടർ രഘു നായിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരയുടെ വീടിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും തുടർന്നുള്ള ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിൽ ഷൈൻ എച്ച് പുത്രനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഉഡുപ്പി ജില്ലയിലെ കാർക്കള സ്വദേശിയായ ജേസൺ എന്ന ലെൻസണുമായി ചേർന്ന് മോഷണം നടത്തിയതായി അയാൾ സമ്മതിച്ചു, മോഷ്ടിച്ച സ്വർണാഭരണങ്ങൾ ബംഗളൂരുവിൽ വൽപന നടത്തിയതുമായി ബന്ധപ്പെട്ടാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
കവർച്ചയിൽ പങ്കാളിയായ ലെൻസൺ ഒളിവിലാണ്. ഷൈൻ എച്ച് പുത്രനെതിരെ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ നേരത്തേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാർ ബംഗളൂരു കെ.എസ്.ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുണ്ട്.
കൊലപാതകം, കൊലപാതകശ്രമം, കവർച്ച, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വിൽപന, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു.
ബംഗളൂരുവിലെ കഗ്ഗലിപുര പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ളയാളാണ് ഗിരീഷ് എന്ന സൈക്കിൾ ഗിരി. വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം, കവർച്ച, ആക്രമണം എന്നിവയുൾപ്പെടെ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

