ബംഗളൂരുവിൽ മൂന്നിടങ്ങളിൽ മൂന്നുപേർ മുങ്ങിമരിച്ചു; രണ്ടുപേരെ കാണാതായി
text_fieldsബംഗളൂരു: ചിക്കബല്ലാപുരയിലും കലബുറഗിയിലും വ്യത്യസ്ത സംഭവങ്ങളിലായി തടാകങ്ങളിൽ അപകടത്തിൽപെട്ട് മൂന്നുപേർ മരിച്ചു. രണ്ടുപേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ചിക്കബല്ലാപുര ജില്ലയിൽ ശ്രീനിവാസ സാഗർ റിസർവോയറിന് സമീപം പാറക്കെട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കൂട്ടത്തിലെ കുട്ടി കാൽതെന്നി തടാകത്തിൽ വീണതോടെ രക്ഷിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്.
ചിക്കബല്ലാപുര സ്വദേശികളായ ഫർഹിന ബീഗം (35), ബഷീറ (35), ഇവരുടെ ബന്ധു ബംഗളൂരു മുനിറെഡ്ഡി പാളയ സ്വദേശി ഇംറാൻ (45) എന്നിവരാണ് മരിച്ചത്. പെരുന്നാൾ ആഘോഷത്തിനായാണ് കുടുംബം ഇറങ്ങിയത്. ആദ്യം നന്ദി ഹിൽസിലെത്തിയെങ്കിലും സന്ദർശകരെ നിയന്ത്രിച്ചതിനാൽ ഇവർ നേരെ ശ്രീനിവാസ സാഗർ തടാകം കാണാൻ പോയി. ഭക്ഷണം കഴിക്കുന്നതിനിടെ ഫർഹിന ബീഗത്തിന്റെ കുഞ്ഞ് കാൽവഴുതി വീണു. ഇതോടെ കുട്ടിയെ രക്ഷിക്കാൻ ഫർഹിന തടാകത്തിലേക്ക് ചാടി. ഇവരെ രക്ഷിക്കാൻ ബഷീറയും ഇംറാനും ചാടി. എന്നാൽ, മൂവരും മുങ്ങിത്താഴ്ന്നു. സമീപത്തുണ്ടായിരുന്ന മറ്റു സഞ്ചാരികൾ ഇവരെ കരക്കെടുത്ത് ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചിക്കബല്ലാപൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
കലബുറഗിയിൽ കമലാപൂർ ബെളകോട്ട തടാകത്തിലാണ് രണ്ടാമത്തെ അപകടം. ആസിഫ് അഹ്മദ് ശൈഖ് (43), മുഹമ്മദ് നിസാം ചോട്ടുമിയാൻ (30) എന്നിവരെയാണ് തടാകത്തിൽ കാണാതായത്. ആറു സുഹൃത്തുക്കളടങ്ങുന്ന സംഘം പെരുന്നാൾ ആഘോഷത്തിനായാണ് തടാകക്കരയിലെത്തിയത്. ഇതിൽ ആസിഫും നിസാമും തടാകത്തിൽ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും സംസ്ഥാന ദുരന്ത നിവാരണസേന അംഗങ്ങളും തിരച്ചിൽ നടത്തി. മഹാഗാവ് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

