നവജാത ശിശുവിനെ നാലര ലക്ഷം രൂപക്ക് വിറ്റു; ദുർഗ വാഹിനി നേതാവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
text_fieldsസോമേഷ്, വിജയലക്ഷ്മി, നവനീത്
മംഗളൂരു: ബലാത്സംഗത്തിന് ഇരയായ യുവതിയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിള വിഭാഗമായ ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ മൂന്നു പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗെസ്റ്റ് സൗകര്യം നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്.
ഷിർവയിലെ കല്ലുഗുഡ്ഡെയിൽനിന്നുള്ള മക്കളില്ലാത്ത രമേശ് മൗല്യ-പ്രഭാവതി ദമ്പതികൾ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവരുടെ ബന്ധുവായ പ്രിയങ്ക വിജയലക്ഷ്മിക്ക് പരിചയപ്പെടുത്തി. തുടർന്ന് തന്റെ പി.ജി താമസസ്ഥലത്ത് ജോലി ചെയ്യുന്ന അവിവാഹിതയായ സ്ത്രീയുടെ കുഞ്ഞിനെ അവർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തു. പ്രസവശേഷം കുഞ്ഞിനെ വിൽക്കാൻ വിജയലക്ഷ്മിയും ഡോ. സോമേഷും ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. വൈദ്യപരിശോധനക്കിടെ ഗർഭിണിയായ സ്ത്രീയുടെ ആധാർ കാർഡിന് പകരം പ്രഭാവതിയുടെ ആധാർ കാർഡാണ് ഉപയോഗിച്ചത്. പിന്നീട് കുഞ്ഞ് പ്രഭാവതിയുടെ സ്വന്തം ആണെന്ന് അവകാശപ്പെടാൻ വേണ്ടിയായിരുന്നു ഇത്.
ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിൽ സിസേറിയൻ വഴി യുവതി പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് കുഞ്ഞിനെ 4.5 ലക്ഷം രൂപക്ക് പകരമായി പ്രഭാവതിക്കും ഭർത്താവിനും കൈമാറിയതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണത്തിൽ നവനീത് നാരായൺ എന്നയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതാണെന്നും കണ്ടെത്തി. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട കുഞ്ഞിനെ വിജയലക്ഷ്മിയുടെ പി.ജി സൗകര്യത്തിൽ മാതാവിനൊപ്പം താമസിപ്പിച്ചു.
സിസേറിയന് ശേഷം സ്ത്രീക്ക് ശരിയായ പ്രസവാനന്തര പരിചരണം ലഭിച്ചില്ലെന്നും വീണ്ടും ചികിത്സക്കായി പ്രവേശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇടപെടേണ്ടി വന്നതായും പൊലീസ് പറഞ്ഞു. വിജയലക്ഷ്മിക്ക് നിരവധി സംഘടനകളുമായി ബന്ധമുണ്ടെന്നും മംഗളൂരുവിൽ ഒരു ആശുപത്രി കാന്റീൻ നടത്തുന്നുണ്ടെന്നും എസ്.പി ശങ്കർ വെളിപ്പെടുത്തി. ‘‘ആവശ്യമില്ലാത്തതോ നിയമവിരുദ്ധമോ ആയ സാഹചര്യങ്ങളിൽ’’ ജനിച്ച മറ്റു കുട്ടികളെയും അവർ വിൽക്കുന്നുണ്ടെന്ന് സംശയമുണ്ട്.
പ്രഭാവതിയും ഭർത്താവും കുഞ്ഞിനെ അംഗൻവാടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് കേസ് പുറത്തുവന്നത്. ദമ്പതികൾക്ക് കുട്ടികളില്ലെന്നറിയാവുന്ന ജീവനക്കാർ സംശയം തോന്നി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, പ്രഭാവതിയെയും ഭർത്താവിനെയും ബന്ധു പ്രിയങ്കയെയും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുത്തിട്ടില്ല. കാർക്കള അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

