‘കൊബ്ബാരി ഹോരി ഹബ്ബ’; കാളകളുടെ കുത്തേറ്റ് മൂന്ന് കാണികൾക്ക് ദാരുണാന്ത്യം
text_fieldsബംഗളൂരു: ഹാവേരി ജില്ലയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച നടത്തിയ പരമ്പരാഗത ‘കൊബ്ബാരി ഹോരി ഹബ്ബ’യിൽ മൂന്നിടങ്ങളിൽ കാളകളുടെ കുത്തേറ്റ് കാണികളായ മൂന്നുപേർ മരിച്ചു. ഹാവേരിയിലെ ദനേശ്വരി നഗറിലെ ചന്ദ്രശേഖർ കോടിഹള്ളി (70), ഹവേരി താലൂക്കിലെ ദേവിഹോസൂർ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂർ (75), ഹനഗൽ താലൂക്കിലെ തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24) എന്നിവരാണ് മരിച്ചത്.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന്റെ മറ്റൊരു രൂപമായ ഹോരി ഹബ്ബ, ഹട്ടി ഹബ്ബ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊബ്ബാരി ഹോരി മത്സരം ഗ്രാമീണ കായികവിനോദമാണ്. ഇതിൽ പരിശീലനം ലഭിച്ചതും അലങ്കരിച്ചതുമായ കാളകളെ വലിയ ജനക്കൂട്ടത്തിനിടയിലൂടെ ഓടിക്കുന്നു. കാളകളെ കീഴടക്കുന്നവർക്ക് സമ്മാനം ലഭിക്കും. ദീപാവലി ഉത്സവ ഭാഗമായി കർണാടകയിലെ ശിവമൊഗ്ഗ, ഹാവേരി, ഉത്തര കന്നട ജില്ലകളിലാണ് ഈ കായിക വിനോദം പ്രധാനമായി നടക്കുന്നത്
വിരമിച്ച ഹെസ്കോം ജീവനക്കാരനായ ചന്ദ്രശേഖർ ഹാവേരിയിലെ പഴയ പി.ബി. റോഡിലൂടെ നടക്കുമ്പോൾ വീരഭദ്രേശ്വർ ക്ഷേത്രത്തിനു സമീപം മത്സരത്തിൽ പങ്കെടുത്ത ഒരു കാള റോഡിലേക്ക് ഓടിക്കയറി കുത്തുകയായിരുന്നു. നാട്ടുകാർ ഹാവേരി ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ഹാവേരി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം. ഹാവേരി റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവിഹൊസൂർ ഗ്രാമത്തിൽ നടന്ന മറ്റൊരു സംഭവത്തിൽ ഘോഷയാത്രയിൽ പങ്കെടുത്ത കാള പരിഭ്രാന്തിയോടെ ഗ്രാമത്തിലെ വീടിനടുത്തുള്ള പ്ലാറ്റ്‌ഫോമിൽ ഇരിക്കുകയായിരുന്ന ഗാനിസാബിനെ ആക്രമിക്കുകയായിരുന്നു. കാളയുടെ കൊമ്പ് കഴുത്തിലും നെഞ്ചിലും തുളച്ചു.
ഹാവേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. അദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിലവള്ളി ഗ്രാമത്തിലാണ് മൂന്നാമത്തെ മരണം. കാഴ്ചക്കാരിലേക്ക് ഓടിക്കയറിയ കാളയുടെ ആക്രമണത്തിൽ നെഞ്ചിലും തലക്കും ഗുരുതര പരിക്കേറ്റ ഭരത് നിലത്തു വീണു. ഹാവേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പരിപാടി നടത്താൻ സംഘാടകർ അനുമതി വാങ്ങിയിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഹാവേരി പൊലീസ് സൂപ്രണ്ട് യശോദ വന്തഗോഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

