മോദിക്കെതിരെ അപകീർത്തി വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsഫഹദ്, ബഷീൽ, സമീർ
മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ വിഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് മൂന്നുപേരെ കുടക് മടിക്കേരി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. റാണിപേട്ടിലെ എം.ഇ. ഫഹദ്, ത്യാഗരാജ കോളനിയിലെ എം.എച്ച്. ബഷീൽ, എം.എ. സമീർ എന്നിവരാണ് അറസ്റ്റിലായത്.
ബി.ജെ.പി കുടക് ജില്ല ഭാരവാഹികൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. മൂന്നുപേരും മടിക്കേരി കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് മുന്നിൽ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ‘കൂർഗ് സ്പൈസസ്’ എന്ന ഔട്ട്ലെറ്റിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു.
വൈറലായ വിഡിയോയിൽ പ്രധാനമന്ത്രി രാജ്യത്തെ റോഡ്, റെയിൽ സംവിധാനങ്ങൾ തകർത്തെന്നും ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിക്കാൻ എൻ.ആർ.സി ഉപയോഗിച്ചെന്നും ആരോപിക്കുന്നതായി പരാതിയിൽ പറഞ്ഞു. അധിക്ഷേപകരവും അങ്ങേയറ്റം ആക്ഷേപകരവുമായ ഭാഷയാണ് ഉപയോഗിച്ചത്.
കടയിൽ ചിത്രീകരിച്ച വിഡിയോ പൊതുജനസമാധാനം തകർക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ അപ്പച്ചു രഞ്ജന്റെ നേതൃത്വത്തിൽ ബി.ജെ.പി മടിക്കേരി യൂനിറ്റ് ഇന്ദിര ഗാന്ധി സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

