മൈക്രോ ഫിനാൻസ് കമ്പനികളുടെ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഇന്ന്
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ മൂലം പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കാൻ കർണാടക സർക്കാർ തീരുമാനം.
ഇതുസംബന്ധിച്ച് വർധിച്ചുവരുന്ന ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിൽ യോഗം ചേരും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ദുരുപയോഗങ്ങൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.
ബംഗളൂരു, ചാമരാജ് നഗർ, ഹാവേരി, മൈസൂരു, ഉഡുപ്പി, ചിക്കമഗളൂരു, കുടക് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ ഈ സ്ഥാപനങ്ങളിൽനിന്നുള്ള പീഡന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
മൈക്രോഫിനാൻസ് ഏജൻസികളിൽനിന്നുള്ള സമ്മർദങ്ങളെയും ഭീഷണികളെയും നേരിടാൻ കഴിയാതെ നിരവധി ആളുകൾ വീടുവിട്ടുപോകാൻ നിർബന്ധിതരായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില കേസുകളിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആത്മഹത്യകളും അരങ്ങേറിയിരുന്നു.
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മൈക്രോഫിനാൻസ് കമ്പനികളുടെ ജീവനക്കാരിൽനിന്നുള്ള ഭീഷണി സഹിക്കാനാവാതെ കുടക് ജില്ലയിലെ മടിക്കേരിയിലും ചാമരാജ് നഗർ ജില്ലയിലെ യെലന്തൂരും മെസൂരു നഞ്ചൻകോഡും ദലിത് കുടുംബങ്ങൾ വീടൊഴിഞ്ഞിരുന്നു. മടിക്കേരിയിൽ നഞ്ചരായപട്ടണ ഗ്രാമപഞ്ചായത്തിലെ കാവേരി, മീനുകൊള്ളി, ദുബാരെ, ദസവല പൈസരി, ബെല്ലി ഗ്രാമങ്ങളിലായി 15 ഓളം കുടുംബങ്ങളാണ് ഗത്യന്തരമില്ലാതെ വീടൊഴിഞ്ഞത്.
ചാമരാജ് നഗർ യെലന്തൂർ ഗ്രാമത്തിൽനിന്ന് 100 ഓളം കുടുംബങ്ങളും മൈസൂരു നഞ്ചൻകോടിൽനിന്ന് 80 ഓളം കുടുംബങ്ങളും വീടൊഴിഞ്ഞുപോയിരുന്നു. കൊള്ളപ്പലിശക്കാണ് മിക്ക മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും പണം കടം നൽകുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ഉഡുപ്പിയിൽ യക്ഷഗാന കലാകാരനെ പണമിടപാടുകാരൻ ക്രൂരമായി ആക്രമിച്ചു പരിക്കേൽപിച്ചിരുന്നു.
യക്ഷഗാന കലാകാരനായ നിതിൻ ആചാര്യയെയാണ് പ്രതികളായ സച്ചിൻ അമിനും പിതാവും ചേർന്ന് ആക്രമിച്ചത്. അഞ്ച് വർഷം മുമ്പ് നിതിൻ സച്ചിൽനിന്ന് 20 ശതമാനം പലിശക്ക് 1,80,000 രൂപ കടം വാങ്ങിയിരുന്നു. പദുബിദ്രി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമ ഭേദഗതി -ആഭ്യന്തര
മന്ത്രി
ബംഗളൂരു: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിലവിലെ നിയമം ഫലപ്രദമല്ലെന്നും ആവശ്യമായ നിയമ ഭേദഗതി വരുത്തുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കർണാടകയിൽ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പീഡനം മൂലമുള്ള ആത്മഹത്യകളും വീടൊഴിയലും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തുടനീളം, മൈക്രോ ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ പീഡനത്തെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിൽ നിലവിലുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്നതിനാൽ കോൺഗ്രസ് സർക്കാർ നിയമം ഭേദഗതി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച്, വായ്പകൾ തിരിച്ചുപിടിക്കുന്നതിനും അവയുടെ സംരക്ഷണത്തിനും നിയമമുണ്ട്. ഭാവിയിൽ, മൈക്രോ ഫിനാൻസ് ഫണ്ടുകളെ നിയന്ത്രിക്കുന്നതിന് കർശനമായ നിയമങ്ങൾ രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, തുടർച്ചയായ പീഡനങ്ങൾ സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
ആളുകളിൽനിന്ന് ഉറപ്പുവാങ്ങിയ ശേഷമാണ് വായ്പ നൽകുന്നത്. ബാങ്കിൽ നിന്ന് വായ്പ എടുക്കുമ്പോൾ അവർക്ക് പല കടലാസുകളിലും ഒപ്പുകൾ നൽകേണ്ടിവരും.
ആ ഒപ്പുകൾ എടുക്കുന്നതിന്റെ ഉദ്ദേശ്യം സാധാരണക്കാർക്ക് അറിയില്ല. ഉപഭോക്താക്കൾക്ക് പിന്നീട് അതൊരു പ്രശ്നമാവും. അതിന്റെ അടിസ്ഥാനത്തിൽ കമ്പനികളുടെ പ്രതിനിധികൾ വീടുകളിൽ റെയ്ഡ് നടത്തും. വീടുകൾ ജപ്തി ചെയ്യുന്നതടക്കമുള്ള മറ്റ് നടപടികൾ കൈക്കൊള്ളും. ഇക്കാര്യത്തിൽ നിയമപ്രകാരം പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് പരമേശ്വര പറഞ്ഞു. വരും ദിവസങ്ങളിൽ നിലവിലുള്ള നിയമം ഭേദഗതി ചെയ്യുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീലും അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇതുസംബന്ധിച്ച കേസുകൾ ഞങ്ങൾ ചർച്ച ചെയ്യുമെന്നും നിയമമന്ത്രി പറഞ്ഞു.
മൈക്രോ ഫിനാൻസ് കമ്പനികളുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്തയാളുടെ ഭാര്യ, തന്റെ ഭർത്താവിനെ ആത്മഹത്യയിലേക്ക് നയിച്ച മൈക്രോ ഫിനാൻസ് കമ്പനിയിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച താലിമാല, ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് അയച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങളുടെ പീഡനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹാവേരി ജില്ലയിൽനിന്നുള്ള നിരവധി വീട്ടമ്മമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിലും താലിമാല അയച്ചിരുന്നു. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാരുടെ ഓഫിസുകളിൽ മൈക്രോഫിനാൻസ് കമ്പനികളുടെ പീഡനം സംബന്ധിച്ച നിരവധി പരാതികളുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

