ആധുനിക സാങ്കേതികവിദ്യ പഠിക്കാത്തവർ പുറന്തള്ളപ്പെടും -ജസ്റ്റിസ് നാഗമോഹൻ ദാസ്
text_fieldsബംഗളൂരു: മൂല്യസമ്പന്നമായ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യം അനിവാര്യമല്ലെന്നും എന്നാൽ ആധുനിക സാങ്കേതികവിദ്യ പഠിക്കാത്തവർ പുറന്തള്ളപ്പെടുമെന്നും ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ ജൂബിലി സ്കൂൾ വാർഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലുള്ള മികവല്ല, വക്കീൽ എന്ന നിലയിൽ പുലർത്തിയ ആത്മാർഥതയും ആർജിച്ച അറിവുമാണ് ന്യായാധിപ സ്ഥാനത്തേക്കുയർത്തിയത്.
മക്കൾ ഡോക്ടറോ എൻജിനീയറോ ആകണമെന്ന് രക്ഷിതാക്കൾ നിർബന്ധിക്കേണ്ടതില്ല. വൈവിധ്യമാർന്ന തൊഴിലവസരങ്ങളാണ് നിലനിൽക്കുന്നത്. കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വിദ്യാർഥികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി പഠിപ്പിക്കുന്നവരാണ് നല്ല അധ്യാപകർ. വിദ്യാഭ്യാസം മാനവിക മൂല്യം ജ്വലിപ്പിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ജൂബിലി സ്കൂൾ പ്രിൻസിപ്പൽ കല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എജുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി.സി. ജോണി, ജൂബിലി സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ രേഖ കുറുപ്പ്, മുൻ പ്രസിഡന്റ് പീറ്റർ ജോർജ് എന്നിവർ വിദ്യാർഥികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

