ഇത് അസത്യം സത്യമായി അവതരിപ്പിക്കപ്പെടുന്ന കാലം- കെ.പി. രാമനുണ്ണി
text_fieldsകേരളസമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യ സംവാദത്തിൽ സാഹിത്യകാരൻ
കെ.പി. രാമനുണ്ണി സംസാരിക്കുന്നു
ബംഗളൂരു: അസത്യം സത്യമായി അവതരിപ്പിച്ച് മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന സത്യാനന്തര കാലമാണിതെന്ന് എഴുത്തുകാരനായ കെ.പി. രാമനുണ്ണി പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ സംവാദത്തിൽ ‘എഴുത്ത്, കാലം, മാനവികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം ഭേദമില്ലായ്മയിലേക്കാണ് സമൂഹത്തെ വഴിനടത്തുന്നത്.
ഇന്ദുലേഖയെപ്പോലെ ഒരു സ്ത്രീ അതുവരെ ഉണ്ടായിരുന്നില്ലെങ്കിലും ഇന്ദുലേഖമാർ നോവലിനുശേഷം ഉണ്ടാവാൻ തുടങ്ങി. മഹത്തായ മൂല്യ ബോധമുള്ള കഥാപാത്രങ്ങളായി ചാത്തനെയും കോരനെയും തകഴി രണ്ടിടങ്ങഴിയിൽ അവതരിപ്പിച്ചതുകൊണ്ട് കീഴാളർ തലയുയർത്തി നിൽക്കാൻ തുടങ്ങി. ഇതൊക്കെ ഭേദങ്ങൾക്കെതിരെ സാഹിത്യം പ്രവർത്തിക്കുന്നതിന്റെ നിദർശനമാണ്.
കേരളത്തിന്റെ സാഹിത്യ പ്രധാനമായ സാംസ്കാരമാണ് കേരളത്തിനു സാമാന്യമായ സമത്വ അവബോധം സൃഷ്ടിച്ചത്. പുറമെനിന്നുള്ള ശബ്ദങ്ങൾ കേൾക്കാതിരിക്കുക എന്നത് എകാധിപത്യ നിലപാടാണെന്നും എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് എഴുത്തുകാരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാർ നീലകണ്ഠന്മാരാകാൻ നിയോഗിക്കപ്പെട്ടവരാണെന്ന് എഴുത്തുകാരൻ വി.ജെ. ജെയിംസ് അഭിപ്രായപ്പെട്ടു. സംഘർഷങ്ങളുടെ പാലാഴി മഥനമാണ് എഴുത്ത്.
പാലാഴി കടയുമ്പോൾ ലഭിക്കുന്ന അമൃത് സമൂഹത്തിന് നൽകി കാളകൂടം എന്ന വിഷം സ്വയം ഏറ്റെടുക്കുന്നവരാണ് എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ നശിപ്പിക്കുന്ന വൈറസാണ് മനുഷ്യൻ എന്ന ബോധ്യവും എഴുത്തുകാരാണ് സൃഷ്ടിക്കുന്നതെന്ന് ജയിംസ് പറഞ്ഞു. സംവാദത്തിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രതി സുരേഷ്, ഇന്ദിര ബാലൻ, ബ്രിജി, രമ പ്രസന്ന പിഷാരടി, വി.കെ. സുരേന്ദ്രൻ, ടി.എം. ശ്രീധരൻ, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ കെ.പി. രാമനുണ്ണിയെയും എഴുത്തുകാരി പ്രഫ. രേഖ മേനോൻ വി.ജെ. ജെയിംസിനെയും പരിചയപ്പെടുത്തി. അനിൽ മിത്രാനന്ദപുരം, സൗദ റഹ്മാൻ, സിന്ധു ഗാഥ, രമിസ് തോന്നക്കൽ എന്നിവർ കവിത ചൊല്ലി. എജുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

