തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ
text_fieldsതിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ അനീസ് സി.സി.ഒ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: മലയാള എഴുത്തിന്റെ ലോകത്ത് എല്ലാ രീതിയിലും സ്വന്തം ജീവിതം കൊണ്ട് സേവനമർപ്പിച്ച എം.ടി ഇനിയും ആസ്വാദകരിൽ വളരാനിരിക്കുന്നതേയുള്ളൂവെന്ന് അനിസ് സി.സി.ഒ അഭിപ്രായപ്പെട്ടു. തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാമ്പുള്ള കഥകളിലൂടെ ശക്തമായ കഥാപാത്രങ്ങൾ മലയാള സാഹിത്യത്തിന് നൽകിയും ശക്തമായ തിരക്കഥകളിലൂടെ അഭ്രപാളികളിൽ തീർത്ത മറക്കാനാവാത്ത കഥാപാത്രങ്ങളും വളർന്നുവരുന്ന എഴുത്തുകാർക്ക് എഴുത്തു നന്നാകാൻ വേണ്ടി ചെയ്ത സേവനങ്ങളും എം.ടിയുടെ സമ്പന്ന സംഭാവനകളാണ്.
തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയും എഴുത്തിന്റെ ലോകത്തിന് സമർപ്പിച്ച എം.ടിയുടെ ജീവിതത്തെക്കുറിച്ച് ജനങ്ങൾ വാചാലരാവുന്ന കാലം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ടിയുടെ ‘ഭാഷാപ്രതിജ്ഞ’ ചൊല്ലി സാംസ്കാരിക പ്രവർത്തകയായ പി. ഗീത ചർച്ച ഉദ്ഘാടനം ചെയ്തു.
അധികാരവ്യവസ്ഥയോട് പൊരുതിയും പൊരുത്തപ്പെട്ടു ജീവിക്കുമ്പോഴും സ്വന്തം ഇടങ്ങൾ കണ്ടെത്താനുള്ള വെമ്പലിൽ ജീവിച്ചവരുടെ വികാരങ്ങളെ സഹാനുഭൂതിയോടെ ചേർത്തുപിടിച്ചതാണ് എം.ടിയെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനാക്കിയതെന്ന് അവർ പറഞ്ഞു. കെ . ശ്രീകണ്ഠൻ നായർ അധ്യക്ഷതവഹിച്ചു. ചർച്ചയിൽ ബി.എസ്. ഉണ്ണികൃഷ്ണൻ, ടി.എസ്. ശ്രീധരൻ, കെ. ചന്ദ്രശേഖരൻ നായർ, സി. കുഞ്ഞപ്പൻ, ഡെന്നിസ് പോൾ, ആർ.വി. പിള്ള എന്നിവർ സംസാരിച്ചു. പി.പി. പ്രദീപ് പി.പി. നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

